കോമണ്‍വെല്‍ത്ത്‌ ഗെയിംസിൽ ഇന്ത്യയുടെ മികച്ച പ്രകടനങ്ങൾ

0

ഗോള്‍ഡ്‌ കോസ്‌റ്റില്‍ 66 മെഡലുകള്‍ നേടിയതാണ്‌ ഇന്ത്യയുടെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ ഏറ്റവും മികച്ച പ്രകടനം. ഗുസ്‌തിയില്‍ അഞ്ച്‌ സ്വര്‍ണവും മൂന്ന്‌ വെള്ളിയും നാല്‌ വെങ്കലവും അടക്കം 12 മെഡലുകളാണ്‌ ഇന്ത്യ നേടിയത്‌്. ഷൂട്ടിങ്ങിനു ശേഷം ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനം ഗുസ്‌തിയിലാണ്‌. വിവിധ വിഭാഗങ്ങളിലായി 12 താരങ്ങളാണ്‌ ഇന്ത്യക്കു വേണ്ടി ഗുസ്‌തി പിടിക്കുന്നത്‌.
ഫ്രീസ്‌റ്റൈല്‍ ഗുസ്‌തിക്കാരന്‍ ഒളിമ്പ്യന്‍ ബജ്രംഗ്‌ പൂനിയ കഴിഞ്ഞ തവണ സ്വര്‍ണം നേടിയിരുന്നു. പൂനിയ ഇവിടെയും 65 കിലോ വിഭാഗത്തിലാണു മത്സരിക്കുന്നത്‌. വനിതകളുടെ 68 കിലോ വിഭാഗത്തില്‍ ദിവ്യ കാക്രാന്‍ ഗോള്‍ഡ്‌ കോസ്‌റ്റില്‍ വെങ്കലം നേടിയിരുന്നു. 2014, 2018 ഗെയിംസുകളില്‍ സ്വര്‍ണം നേടിയ വിനേഷ്‌ ഫോഗത്‌ ഹാട്രിക്ക്‌ ലക്ഷ്യമിട്ടാണു മത്സരിക്കുന്നത്‌. 53 കിലോ വിഭാഗത്തിലാണു താരം ഇറങ്ങുക. ഒളിമ്പ്യന്‍ സാക്ഷി മാലിക്കിന്റെ ലക്ഷ്യം സ്വര്‍ണമാണ്‌. 2014, 2018 ഗെയിംസുകളില്‍ യഥാക്രമം വെള്ളി, വെങ്കല മെഡലുകള്‍ നേടാന്‍ താരത്തിനായി. ഒളിമ്പിക്‌ വെങ്കല മെഡല്‍ ജേതാവായ സാക്ഷി 62 കിലോ വിഭാഗത്തിലാണു മത്സരിക്കുക. ബാഡ്‌മിന്റണില്‍ രണ്ട്‌ സ്വര്‍ണവും മൂന്ന്‌ വെള്ളിയും രണ്ട്‌ വെങ്കലവുമാണ്‌ ഇന്ത്യ കഴിഞ്ഞ ഗെയിംസില്‍ സ്വന്തമാക്കിയത്‌. പത്തംഗ സംഘമാണു മത്സരിക്കുന്നത്‌. കിഡംബി ശ്രീകാന്ത്‌, പി.വി. സിന്ധു എന്നിവരിലാണു സ്വര്‍ണ പ്രതീക്ഷ. കഴിഞ്ഞ തവണ വെള്ളി നേടിയ താരമാണു ശ്രീകാന്ത്‌. രണ്ടുവട്ടം ഒളിമ്പിക്‌ മെഡല്‍ നേടിയ സിന്ധു 2014 ല്‍ വെങ്കലവും 2018 ല്‍ വെള്ളിയും നേടി.
ബോക്‌സിങ്ങില്‍ മൂന്ന്‌ വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും നേടാന്‍ ഇന്ത്യക്കായി. 12 വെറ്ററന്‍മാരാണ്‌ ഇടിക്കൂട്ടില്‍ ഇറങ്ങുക. അമിത്‌ പാംഗാല്‍, ലോക ചാമ്പ്യന്‍ നിഖാത്‌ സരിന്‍, ഒളിമ്പിക്‌ വെങ്കല മെഡല്‍ ജേതാവ്‌ ലോവ്‌ലി ബോര്‍ഗോഹെയ്‌ന്‍ എന്നിവരാണു പ്രധാന താരങ്ങള്‍. ടേബിള്‍ ടെന്നീസിലും പ്രതീക്ഷയ്‌ക്കു വകയുണ്ട്‌. കഴിഞ്ഞ ഗെയിംസില്‍ മൂന്ന്‌ സ്വര്‍ണവും രണ്ട്‌ വെള്ളിയും മൂന്ന്‌ വെങ്കലവും അടക്കം എട്ട്‌ മെഡലുകള്‍ സ്വന്തമാക്കി. അചന്ത ശരത്‌ കമാല്‍, മണിക ബത്ര എന്നിവരാണു പ്രധാന താരങ്ങള്‍. ഗോള്‍ഡ്‌ കോസ്‌റ്റില്‍ വെള്ളി നേടിയ ജോഷ്വ ചിന്നപ്പ- ദീപിക പള്ളിക്കല്‍ ജോഡിയാണു സ്‌ക്വാഷില്‍ പ്രതീക്ഷ.
ടോക്കിയോ ഒളിമ്പിക്‌സില്‍ മീരാബായ്‌ ചാനു വെള്ളി നേടിയതോടെ ഭാരോദ്വഹനത്തിലും താരങ്ങള്‍ കൂടി. 15 അംഗ ടീമാണ്‌ ഇന്ത്യക്കു വേണ്ടി ഇവിടെ ഭാരമുയര്‍ത്തുന്നത്‌. കഴിഞ്ഞ തവണ അഞ്ച്‌ സ്വര്‍ണവും രണ്ട്‌ വെള്ളിയും രണ്ട്‌ വെങ്കലവുമാണ്‌ അവര്‍ നേടിയത്‌. ചാനുവിനെ കൂടാതെ ഗുരുരാജ്‌ പൂജാരി, വികാസ്‌ ഠാക്കൂര്‍, പൂനം യാദവ്‌ എന്നിവരും മെഡല്‍ പ്രതീക്ഷയുള്ളവരാണ്‌. ഗോള്‍ഡ്‌ കോസ്‌റ്റില്‍ നിരാശപ്പെടുത്തിയത്‌ അത്‌ലറ്റുകളാണ്‌. മൂന്നു മെഡലുകളാണ്‌ ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡില്‍ ഇന്ത്യ നേടിയത്‌. നീരജ്‌ ചോപ്രയുടെ ഒളിമ്പിക്‌ സ്വര്‍ണം നല്‍കിയ ആവേശത്തിലാണു താരങ്ങള്‍. ഇത്തവണ 37 പേരാണ്‌ ഇന്ത്യക്കു വേണ്ടി ട്രാക്കിലിറങ്ങുന്നത്‌

Leave a Reply