വെസ്റ്റിൻഡിസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

0

ബാർബഡോസ്: വെസ്റ്റിൻഡിസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 68 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ഇന്ത്യ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

20 റൺസെടുത്ത ഷമ്രാ ബ്രൂക്‌സ് ആണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കായി രവി ബിഷ്‌ണോയ്, രവി അശ്വിൻ, അർഷദീപ് സിങ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. സ്‌കോർ ഇന്ത്യ 20 ഓവറിൽ 190-6, വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 122-8. ദിനേശ് കാർത്തിക്കാണ് കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസ് നേടിയത്. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമയും സൂര്യകുമാർ യാദവും മികച്ച തുടക്കം നൽകി. 44 പന്തിൽ 64 റൺസ് അടിച്ചെടുത്ത രോഹിത് തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 16 പന്തിൽ 24 റൺസാണ് സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തത്.

സൂര്യകുമാർ യാദവിനു പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യർ പക്ഷേ പൂജ്യനായി മടങ്ങി. ശ്രേയസിനു പിന്നാലെ എത്തിയ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് രോഹിത്തുമായി ചേർന്ന് സ്‌കോർ ബോർഡ് ചലിപ്പിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. 12 പന്തിൽ 14 റൺസെടുത്ത് പന്തും മടങ്ങി. ഹാർദിക് പാണ്ഡ്യ (മൂന്നു പന്തിൽ ഒരു റൺ)യും രവീന്ദ്ര ജഡേജ(13 പന്തിൽ 16 റൺസ്)യും നിരാശപ്പെടുത്തിയപ്പോൾ 19 പന്തിൽ 41 റൺസെടുത്ത് പുറത്താകാതെ നിന്ന ദിനേഷ് കാർത്തിക്കാണ് ഇന്ത്യയ്ക്ക് പുതുജീവൻ നൽകിയത്.

കാർത്തിക്കിന് കൂട്ടായി എത്തിയ രവിചന്ദ്രൻ അശ്വിനും 10 പന്തിൽ 13 റൺസെടുത്ത് പുറത്താകാതെ നിന്നു. വിൻഡീസിനായി അൽസാരി ജോസഫ് രണ്ടു വിക്കറ്റും ഒബെദ് മക്കോയ്, അകീൽ ഹുസെയ്ൻ, ജേസൺ ഹോൾഡർ, കീമോ പോൾ എന്നിവർ ഒരോ വിക്കറ്റു വീതവും വീഴ്‌ത്തി. ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ട്വന്റി20 പരമ്പരയ്ക്കിറങ്ങിയത്.

നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിന പരമ്പര കളിച്ച ടീമിൽ അടിമുടി മാറ്റവുമായാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങിയത്. ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശർമ തിരിച്ചെത്തിയപ്പോൾ വൈസ് ക്യാപ്റ്റനായി ഹാർദ്ദിക് പാണ്ഡ്യയും റിഷഭ് പന്തും ഭുവനേശ്വർ കുമാറും ദിനേശ് കാർത്തിക്കും രവീന്ദ്ര ജഡേജയും അർഷദീപ് സിംഗും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here