ഹിറ്റ്ലറുടെ വാച്ച് ലേലം ചെയ്തത് 8.69 കോടി രൂപക്ക്; വാച്ചിന്റെ പ്രത്യേകതകൾ ഇങ്ങനെ…

0

ന്യൂയോർക്ക്: ഹിറ്റ്ലറുടെ വാച്ച് ലേലം ചെയ്തത് 8.69 കോടി രൂപക്ക്. അഡോൾഫ് ഹിറ്റ്‌ലർ ഉപയോഗിച്ചതെന്നു കരുതുന്ന ഹ്യൂബർ വാച്ചാണ് അ‍ജ്ഞാതൻ ലേലത്തിൽ പിടിച്ചത്. സ്വസ്തിക് ചിഹ്നവും ‘എഎച്ച് ’ എന്ന ഇംഗ്ലിഷ് അക്ഷരങ്ങളും കൊത്തിയതാണ് ഈ വാച്ച്.

അമേരിക്കയിലായിരുന്നു വാച്ചിന്റെ ലേലം. മെരിലാൻ‍ഡിലെ അലക്സാണ്ടർ ഹിസ്റ്റോറിക്കൽ ഓക്‌ഷൻ ഹൗസാണ് ലേലം നടത്തിയത്. നടപടിയെ ജൂതസമൂഹം അപലപിച്ചു. ഇതിനു മുൻപും നാത്‌സി ചിഹ്നങ്ങളും ചരിത്രരേഖകളും ലേലത്തിൽ വച്ചിട്ടുള്ള കമ്പനി തങ്ങളുടെ ലക്ഷ്യം ചരിത്രത്തിന്റെ സംരക്ഷണം മാത്രമാണെന്നു വ്യക്തമാക്കി.

നാത്‌സി ജർമനിയെ 1933 മുതൽ 1945 വരെ നയിച്ച ഹിറ്റ്‍ലറിന്റെ ചരിത്രം വംശീയ ഉന്മൂലനത്തിന്റെ രക്തക്കറ പുരണ്ടതാണ്. ഹിറ്റ്ലർ ജർമൻ ചാൻസലറായ 1933 ൽ പിറന്നാൾ സമ്മാനമായി കിട്ടിയതാണ് വാച്ചെന്ന് കരുതുന്നു. 1945 ൽ ഫ്രഞ്ച് സേനയ്ക്ക് ഹിറ്റ്ലറിന്റെ ബവേറിയയിലെ അവധിക്കാല വസതിയായ ബെർഗോഫിൽനിന്നു കിട്ടിയതാണ് വാച്ച്. പിന്നീട് പലരിലൂടെ കൈമറിഞ്ഞു.

ലേല വിവരം പരസ്യമായതോടെ പല മേഖലകളിൽ നിന്നും എതിർപ്പുകളുയർന്നിട്ടുണ്ട്. ഹിറ്റ്ലറുടെ ഭാര്യ ഇവ ബ്രൗണിന്റെ ഗൗൺ, ജൂതന്മാരെ തിരിച്ചറിയുന്നതിനായി അണിയിച്ച ജൂഡ് എന്ന മുദ്രയുള്ള കുപ്പായങ്ങൾ എന്നിവയും ലേലത്തിനു വച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here