സജി ചെറിയാന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പുനര്‍നിയമിച്ചതില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

0

രാജിവച്ച മുന്‍മന്ത്രി സജി ചെറിയാന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പുനര്‍നിയമിച്ചതില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സര്‍ക്കാര്‍ തിരുത്തുന്നില്ലെങ്കില്‍ ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയല്ല, നിയമമാണു പ്രധാനമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. രാഷ്ട്രീയാടിസ്ഥാനത്തില്‍ നിയമിക്കുന്ന പഴ്‌സനല്‍ സ്റ്റാഫിനു പെന്‍ഷന്‍ കൊടുക്കുന്നതില്‍ ഗവര്‍ണര്‍ നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. നിയമനങ്ങളുടെ വിവരം സര്‍ക്കാര്‍ രാജ്ഭവനു കൈമാറിയെങ്കിലും ഗവര്‍ണര്‍ ആവശ്യപ്പെട്ട സ്റ്റാഫിന്റെ വിദ്യാഭ്യാസയോഗ്യത അറിയിച്ചിട്ടില്ല.
സജി ചെറിയാന്റെ സ്റ്റാഫ് അംഗങ്ങളെ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സ്റ്റാഫിലേക്കാണു മാറ്റിയത്. ഇത് അവര്‍ക്കു പെന്‍ഷന്‍ ഉറപ്പാക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രണ്ടു വര്‍ഷമെങ്കിലും സര്‍വീസുണ്ടെങ്കിലേ മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിന് പെന്‍ഷന് അര്‍ഹതയുള്ളൂ. ജുലൈ ആറിനായിരുന്നു സജി ചെറിയാന്റെ രാജി. മന്ത്രി മാറിയെങ്കിലും സ്റ്റാഫ് അംഗങ്ങളുടെ കാലാവധി 20 വരെ ദീര്‍ഘിപ്പിച്ച് ആദ്യം ഉത്തരവിറക്കി. പിന്നാലെ 21 മുതല്‍ വീണ്ടും നിയമനം നല്‍കുകയായിരുന്നു.
സജി ചെറിയാന്റെ €ര്‍ക്കിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലാണു നിയമിച്ചത്. പ്രൈവറ്റ് സെക്രട്ടറി മനു സി. പുളിക്കലടക്കം ആറു പേരെ വി. അബ്ദുറഹ്മാന്റെ സ്റ്റാഫില്‍ നിയമിച്ചു.
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പടെ അഞ്ചുപേരുടെ പുനര്‍നിയമനം മന്ത്രി മുഹമ്മദ് റിയാസിന്റെ സ്റ്റാഫില്‍. അഞ്ചുപേര്‍ വി.എന്‍. വാസവന്റെ സ്റ്റാഫില്‍. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നിരുന്നവര്‍ തിരികെ പോയി.
സ്റ്റാഫ് എണ്ണത്തിലെ ഇടതുനയവും മറികടന്നാണു പുതിയ നിയമനം. ചെലവുചുരുക്കലിന്റെ ഭാഗമായി മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം എല്‍.ഡി.എഫ്. 25 ആയി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ സ്റ്റാഫിന്റെ എണ്ണം ഇപ്പോള്‍ 28 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here