വിൽപനക്കെത്തിച്ച ആനക്കൊമ്പുമായി നാലുപേർ വനം വകുപ്പിന്റെ പിടിയിലായി

0

വിൽപനക്കെത്തിച്ച ആനക്കൊമ്പുമായി നാലുപേർ വനം വകുപ്പിന്റെ പിടിയിലായി. ചേർപ്പ് ആറാട്ടുപുഴ മന്ദാരംകടവിൽനിന്നാണ് സംഘം തൃശൂർ ഫോറസ്റ്റ് ഫ്‌ളയിങ് സ്‌ക്വാഡിന്റെ പിടിയിലായത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഫ്‌ളയിങ് സ്‌ക്വാഡ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു.

പ്രതികൾ സഞ്ചരിച്ച കാറും രണ്ട് ആനക്കൊമ്പുകളും കസ്റ്റഡിയിലെടുത്തു. കോലഞ്ചേരി കിടങ്ങൂർ സ്വദേശി മനോജ്, കൊല്ലം അഞ്ചൽ സ്വദേശി അനിൽകുമാർ, ചാലക്കുടി സ്വദേശി ഉമേഷ്, വടക്കാഞ്ചേരി സ്വദേശി ബാബു എന്നിവരാണ് പിടിയിലായത്.

എറണാകുളം ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ സത്യന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസർ കെ.ടി. ഉദയന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കച്ചവട സംഘം പിടിയിലായത്.

എസ്.എഫ്.ഒ എംപി. ശശികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ.യു. പ്രഭാകരൻ, ഇ.പി. പ്രജീഷ്, കെ. ഗിരീഷ്‌കുമാർ, പി.എസ്. സന്ദീപ്, ബേസിൽ ജോർജ്, കെ. ഗിരീഷ്‌കുമാർ, ഫോറസ്റ്റ് ഫ്‌ളയിങ് സ്‌ക്വാഡ് ഡ്രൈവർ പ്രദീപ് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. തുടരന്വേഷണത്തിന് പ്രതികളെയും ആനക്കൊമ്പും പട്ടിക്കാട് റേഞ്ച് ഓഫിസിലേക്ക് കൈമാറി. കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കൂടുതൽ പേർ സംഘത്തിലുണ്ടെന്നുമാണ് സംശയിക്കുന്നതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.

Leave a Reply