ഏകദിന ക്രിക്കറ്റ് നിലനിൽക്കണമെങ്കിൽ ഓവറുകൾ 50-ൽ നിന്ന് 40 ആയി വെട്ടിച്ചുരുക്കണമെന്ന നിർദേശവുമായി രവി ശാസ്ത്രി

0

ഏകദിന ക്രിക്കറ്റ് നിലനിൽക്കണമെങ്കിൽ ഓവറുകൾ 50-ൽ നിന്ന് 40 ആയി വെട്ടിച്ചുരുക്കണമെന്ന നിർദേശവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. സംഘാടകർ ഇക്കാര്യത്തിൽ ഭാവിയെ കുറിച്ച് ചിന്തിക്കണമെന്നും അതിനനുസരിച്ച് ക്രമാനുഗതമായ പരിണാമം വരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ പാക് ഓൾ റൗണ്ടർ ഷഹീദ് അഫ്രീദിയും ഏകദിന മത്സരത്തിലെ ഓവറുകൾ വെട്ടിച്ചുരുക്കണമെന്ന അഭിപ്രായവുമായി അടുത്തിടെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്തുണയുമായാണ് ഇപ്പോൾ ശാസ്ത്രിയും രംഗത്തെത്തിയിരിക്കുന്നത്.

ഏകദിന ക്രിക്കറ്റ് ഇപ്പോൾ തികച്ചും വിരസമായിരിക്കുന്നുവെന്നും അതിനാൽ തന്നെ ഓവറുകൾ 50-ൽ നിന്ന് 40 ആയി ചുരുക്കണമെന്നാണ് തന്റെ നിർദേശമെന്നുമാണ് മുൻ പാക് താരം ഷാഹിദ് അഫ്രീദി പറഞ്ഞത്.

ഏകദിന മത്സരത്തിലെ ഓവറുകൾ കുറക്കാനുള്ള അഫ്രീദിയുടെ നിർദ്ദേശത്തെ പൂർണമായും അംഗീകരിച്ചു കൊണ്ടുള്ള അഭിപ്രായമാണ് ഇന്ത്യ-വിൻഡീസ് രണ്ടാം ഏകദിനത്തിനിടെ രവി ശാസ്ത്രിയും പറഞ്ഞത്. ‘ മത്സരങ്ങളുടെ ദൈർഘ്യം കുറയ്ക്കുന്നതിൽ യാതൊരു പ്രശ്‌നവുമില്ല. ഏകദിന ക്രിക്കറ്റ് ആരംഭിക്കുമ്പോൾ മത്സരങ്ങൾ 60 ഓവറുകളായിരുന്നു. 1983 ൽ ഞങ്ങൾ ഏകദിന ലോകകപ്പ് നേടുമ്പോൾ മത്സരങ്ങൾ 60 ഓവറുകളായിരുന്നു. 60 ഓവറുകൾ അല്പം ദൈർഘ്യമേറിയതാണെന്ന് പിന്നീട് ആളുകൾ കരുതി. 20 നും 40 നുമിടക്കുള്ള ഓവറുകൾ അല്പം പ്രയാസമാണെന്ന് (കാണാൻ) അവർക്ക് തോന്നി. അങ്ങനെ ഏകദിനത്തിലെ ഓവറുകൾ 60 ൽ നിന്ന് 50 ആക്കി കുറച്ചു. ആ തീരുമാനമെടുത്തതിന് ശേഷം വർഷങ്ങൾ കടന്നു പോയിരിക്കുന്നു. അതിനാൽ എന്തു കൊണ്ട് മത്സരങ്ങൾ 50 ഓവറിൽ നിന്ന് 40 ഓവറാക്കി കുറച്ചുകൂടാ? കാരണം നിങ്ങൾ മുന്നിലേക്ക് ചിന്തിക്കുകയും, മാറ്റങ്ങൾ കൊണ്ടു വരുകയും ചെയ്യണം.’ രവി ശാസ്ത്രി പറഞ്ഞു നിർത്തി.

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്ക്സിന്റെ തീരുമാനം ക്രിക്കറ്റിന്റെ ഈ ഫോർമാറ്റിനെ കുറിച്ചും മൂന്ന് ഫോർമാറ്റിലുമായി വിശ്രമമില്ലാതെ കളിക്കുന്ന കളിക്കാരുടെ അവസ്ഥയെ കുറിച്ചും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മുൻ പാക് താരം വസീം അക്രത്തെ പോലുള്ള ഇതിഹാസ താരങ്ങൾ അന്താരാഷ്ട്ര കലണ്ടറിൽ നിന്ന് ഈ ഫോർമാറ്റ് ഒഴിവാക്കണമെന്നുവരെ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു

Leave a Reply