ഫ്‌ളാറ്റിൽനിന്ന് കഞ്ചാവുമായി നാലു യുവക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

0

അടൂർ: ഫ്‌ളാറ്റിൽനിന്ന് കഞ്ചാവുമായി നാലു യുവക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് അടൂർ കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തുള്ള ഫ്‌ളാറ്റിൽ നിന്നാണ് നാലംഗ സംഘം അറസ്റ്റിലായത്. 30 ഗ്രാം കഞ്ചാവുമായി മേലൂട് പന്നിവേലിക്കൽ കരിങ്കുറ്റിക്കൽ വീട്ടിൽ കെ.പി.ഷൈൻ (27), താമരക്കുളം ചാവടി കാഞ്ഞിരവിള അൻസില മൻസിലിൽ അൻസില (25), തകഴി പുത്തൻപുരയിൽ ആര്യ (25), പറക്കോട് മറ്റത്തുകിഴക്കേതിൽ സാബു (34) എന്നിവരെ പറക്കോട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി. മോഹനനന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഇവർ വിലകൂടിയ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായും കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും എക്‌സൈസ് സിഐ പറഞ്ഞു. 2 ദിവസം മുൻപാണ് ഇവർ ഫ്‌ളാറ്റിൽ മുറിയെടുത്തത്. രഹസ്യ വിവരത്തെ തുടർന്നാണ് എക്‌സൈസ് ഇവിടെ പരിശോധന നടത്തിയത്. അതേസമയം പരിശോധനയ്ക്കിടെ ഫ്‌ളാറ്റിലേക്ക് മദ്യപിച്ചെത്തി കേസുമായി ബന്ധമില്ലാത്തവരെ ചോദ്യം ചെയ്ത എക്‌സൈസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പറക്കോട് എക്‌സൈസ് സർക്കിൾ ഓഫിസിലെ തന്നെ പ്രിവന്റീവ് ഓഫിസർ ഹുസൈൻ മുഹമ്മദാണ് ഫ്‌ളാറ്റിൽ തന്നെയുള്ള എഡിറ്റിങ് ലാബിൽ എത്തിയ യുവാക്കളെ കാര്യമൊന്നുമില്ലാതെ ചോദ്യം ചെയ്യുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തത്.

ഇതോടെ യുവാക്കളും എക്‌സൈസ് ഉദ്യോഗസ്ഥനുമായി വാക്കുതർക്കമായി. ഹുസൈൻ മുഹമ്മദിനെ രക്ഷപ്പെടാൻ അനുവദിക്കുന്നെന്ന ആരോപണത്തെതുടർന്ന് യുവാക്കൾ എക്‌സൈസ് വാഹനം പുറത്തേക്ക് പോകാതെ ഫ്‌ളാറ്റിന്റെ ഗേറ്റ് പൂട്ടി. തുടർന്ന് പൊലീസ് എത്തി ഹുസൈൻ മുഹമ്മദിനെ കസ്റ്റഡിയിൽ എടുത്തു. വൈദ്യ പരിശോധനയിൽ ഹുസൈൻ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത് ജാമ്യത്തിൽ വിട്ടു.

എന്നാൽ, ഈ കേസുമായി ഹുസൈന് ബന്ധമില്ലെന്നും ഉദ്യോഗസ്ഥനെ മറ്റു ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുകയായിരുന്നുവെന്നും ഇവിടെയെത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും എക്‌സൈസ് സിഐ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here