എൽഡിഎഫിലെ കക്ഷികളെ യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ളചിന്തൻ ശിബിരത്തിലെ പ്രഖ്യാപനത്തെ പരിഹസിച്ച് കാനം രാജേന്ദ്രൻ

0

തിരുവനന്തപുരം: എൽഡിഎഫിലെ കക്ഷികളെ യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ളചിന്തൻ ശിബിരത്തിലെ പ്രഖ്യാപനത്തെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോൺഗ്രസിന്റെ ആഗ്രഹങ്ങൾക്ക് ലൈസൻസ് ഇല്ല. സിപിഐയ്ക്ക് എതിർപ്പുള്ള ഒരു പാർട്ടിയും എൽഡിഎഫിൽ ഇല്ലെന്നും കേരള കോൺഗ്രസിനെപ്പറ്റിയുള്ള ചോദ്യത്തോട് കാനം പ്രതികരിച്ചു.

ആഗ്രഹങ്ങൾക്ക് ലൈസൻസ് ഇല്ലാത്ത രാജ്യത്ത് ഏത് പാർട്ടിക്കും എന്തിനെക്കുറിച്ചും ചിന്തിക്കാം, പ്രതീക്ഷിക്കാം. അതിലൊന്നും തെറ്റില്ലെന്ന് കാനം പറഞ്ഞു. തങ്ങൾക്ക് എതിർപ്പുള്ള ഒരു പാർട്ടിയും മുന്നണിയിൽ ഇല്ല. എൽഡിഎഫിൽ എല്ലാവർക്കും തുല്യമായ പ്രാതിനിധ്യമാണെന്നും കാനം പറഞ്ഞു. യുഡിഎഫ് വിപുലീകരണത്തിലേക്ക് എല്ലാ പാർട്ടികളെയും സ്വാഗതം ചെയ്യുന്നുവെന്ന് എംകെ മുനീർ പറഞ്ഞിരുന്നു. പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം.

എൽഡിഎഫിൽ അതൃപ്തരായ കക്ഷികൾക്ക് മുന്നണി വിട്ടുവരേണ്ടി വരുമെന്നും അവരെ യുഡിഎഫ് സ്വാഗതം ചെയ്യുന്നു എന്നുമാണ് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത്.
തീവ്രവലതുപക്ഷ നയങ്ങൾ പിന്തുടരുന്ന മുന്നണിയിൽ അധികകാലം നിൽക്കാനാകില്ല. സ്വത്വം നഷ്ടപ്പെടുത്തി അധികാരപങ്കാളിത്തം എന്ന ഏക അജണ്ടയിൽ തൃപ്തരാകാത്ത കക്ഷികൾ കേരളത്തിലുണ്ടെന്നും അവർക്ക് മുന്നണിവിട്ട് പുറത്ത് വരേണ്ടിവരുമെന്നും കോഴിക്കോട് നടന്ന ചിന്തൻശിബിരത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

ആലപ്പുഴ ജില്ലാ കളക്ടറായുള്ള ശ്രീരാം വെങ്കിട്ടരാമന്റെ നിയമനത്തെ എന്തിന് എതിർക്കണമെന്നും കാനം രാജേന്ദ്രൻ ചോദിച്ചു. എന്തിനാണ് ഇത്രയൊക്കെ വിവാദം. വിചാരണ തുടങ്ങിയവർക്കും, കുറ്റക്കാർക്കും കേരളത്തിലെ മീഡിയ എത്രമാത്രം ഇടം കൊടുക്കുന്നുണ്ട്. അപ്പോൾ ഒരാളോട് മാത്രം എന്തിനാണ് വിരോധമെന്ന് കാനം ചോദിച്ചു.

എൽഡിഎഫിൽ എല്ലാ പാർട്ടികൾക്കും തുല്യപ്രാധാന്യം ഉണ്ട്. തങ്ങളുടെ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയരുന്നത് തങ്ങൾക്കെതിരെ അല്ലാതെ അയൽപക്കക്കാരെ വിമർശിക്കാൻ പറ്റുമോ? തമിഴ്‌നാട് സർക്കാരിനെ വിമർശിക്കാൻ പറ്റുമോ? കേരളത്തിലെ സർക്കാരിനെ വിമർശിക്കും. അത് സാധാരണയാണ്. അതിലെന്താണ് കുഴപ്പം? കാനം ചോദിച്ചു.

Leave a Reply