കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം അനിവാര്യമെന്ന് സിപിഐ

0

ന്യൂഡൽഹി: കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം അനിവാര്യമെന്ന് സിപിഐ. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒന്നിക്കണമെന്നും പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഒരു പാർട്ടിയല്ല മറിച്ച് എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കരട് പ്രമേയം പുറത്തിറക്കിക്കൊണ്ട് നടത്തിയ പത്രസമ്മേളനത്തിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ മാതൃകക്ഷിയാണ് സി.പി.ഐ. മക്കൾ എവിടെപോയാലും അമ്മ ഇവിടെ തന്നെ കാണുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.ആഭ്യന്തര കലാപങ്ങൾ തന്നെ നിലനിൽക്കുന്നതിനിടെ കോൺഗ്രസിന് ബി.ജെ.പിക്ക് എതിരെ പ്രതിപക്ഷ കൂട്ടായ്മയുണ്ടാക്കാൻ സാധിക്കുന്നില്ലെന്നും കരട് പ്രമേയത്തിൽ പരാമർശിക്കുന്നുണ്ട്. കോൺഗ്രസിന് ആശയപരമായ സ്ഥിരതയില്ലെന്നും മതനിരപേക്ഷതയിൽ ഉറച്ചുനിൽക്കുന്നില്ലെന്നും കരട് പ്രമേയത്തിൽ വിമർശനമുണ്ട്.
വലതുപക്ഷം ചേർന്ന് ബി.ജെ.പിയെ തോൽപ്പിക്കാനാവില്ലെന്നും അവരെ എതിർക്കാൻ സമാന്തര ജനാധിപത്യ, ഇടതുപക്ഷ ഐക്യം ആവശ്യമാണെന്നും പ്രമേയത്തിൽ പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ശരിയായി മത്സരിക്കാൻ സാധിച്ചില്ല. വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിച്ചത് ഇടതുപക്ഷത്തിനാണ് ക്ഷീണമായത്. വോട്ടുശതമാനത്തിൽ വർധനവുണ്ടെങ്കിലും ശക്തമായ പ്രതിപക്ഷ പാർട്ടിയെന്ന് കോൺഗ്രസിനെ വിളിക്കാനാകില്ല. 2024ലെ തെരഞ്ഞെടുപ്പിന് മുൻപായി പ്രശ്‌നങ്ങളെല്ലാം തീർക്കണമെന്നും പ്രമേയത്തിൽ സൂചിപ്പിക്കുന്നു.
അതേസമയം ഭരണത്തുടർച്ച നേടിയ കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ പ്രമേയത്തിൽ അഭിനന്ദിച്ചിരുന്നു. കേരളത്തിൽ ബി.ജെ.പി ഒരു സീറ്റ് പോലും ലഭിക്കാത്തതും, ഇടതുപക്ഷത്തിന് ലഭിക്കുന്ന ഉയർന്ന ഭൂരിപക്ഷവും സംസ്ഥാനത്തെ ജനങ്ങൾക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസമാണ് വ്യക്തമാക്കുന്നതെന്നും പ്രമേയത്തിൽ പരാമർശിച്ചു.തെരഞ്ഞെടുപ്പ് സമയത്ത് മാത്രമുള്ള പാർട്ടി പ്രവർത്തനത്തേയും പ്രമേയത്തിൽ വിമർശിക്കുന്നുണ്ട്. രാഷ്ട്രീയ പ്രവർത്തനം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ലെന്നും ജനകീയ പ്രവർത്തനമാണെന്നും കരട് പ്രമേയത്തിൽ സി.പി.ഐ വ്യക്തമാക്കുന്നുണ്ട്.
ശരിയായ തയ്യാറെടുപ്പുകളില്ലാതെ എല്ലാ സീറ്റുകളിലും മത്സരിക്കുന്നതിന് പകരം വിജയ സാധ്യതയുള്ള സീറ്റുകൾ കണ്ടെത്തി അവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നും പ്രമേയത്തിൽ നിർദേശമുണ്ട്. ഒക്ടോബറിൽ വിജയവാഡയിലാണ് പാർട്ടി കോൺഗ്രസ് നടക്കുക.

Leave a Reply