കമ്യൂണിസ്റ്റ് മാതൃകയിൽ ലവി നടപ്പിലാക്കാൻ കോൺഗ്രസ്

0

കോഴിക്കോട്: കേരളത്തിൽ അടക്കം ഭരണം പിടിക്കാൻ വേണ്ടി കോൺഗ്രസ് വെറും ആൾക്കൂട്ടമായി മാത്രം നടന്നാൽ പോരെന്ന പൊതുവികാരം നേതാക്കൾക്കിടയിൽ ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ പാർട്ടിയെ ശക്തിപ്പെടുത്തി സജീവമാകാനാണ് കോൺഗ്രസ് നീക്കം. കോഴിക്കോട് സംഘടിപ്പിച്ച ചിന്തൻ ശിബിർ ഇതിന്റെ ഒരു തുടക്കം മാത്രാമാണ്. അടുത്ത ഘട്ടത്തിൽ കൂടുതൽ പരിഷ്‌ക്കരണങ്ങളിലേക്കാണ് കോൺഗ്രസിന്റെ പോക്ക്. അച്ചടക്കത്തോടെ ചിന്തൻ ശിബിർ നടത്തിയ ആത്മവിശ്വാസത്തിലുള്ള പാർട്ടി അടുത്തഘട്ടത്തിൽ ലെവി അടക്കമുള്ള കാര്യങ്ങൾ കൊണ്ടുവരാനാണ് ഒരുങ്ങുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും കോൺഗ്രസ് ഭരണസമിതികൾ പാർട്ടി നിയന്ത്രണത്തിലാവണമെന്നു കെപിസിസി ചിന്തൻ ശിബിരം അംഗീകരിച്ച സംഘടനാ രേഖ നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ജനപ്രതിനിധികൾ പാർട്ടിക്കു ലെവി നൽകണം. കൃത്യമായി ലെവി നൽകുന്നവർക്കു മാത്രമാകണം വീണ്ടും സീറ്റ് എന്നും നിർദേശമുണ്ട്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ മണ്ഡലം തലത്തിൽ പാർട്ടി സംവിധാനം ഏർപ്പെടുത്താനും നീക്കമുണ്ട്. ഒരു സെമി കേഡർ സംവിധാനത്ിതൽ മുന്നോട്ടു പോകുന്നതിനാണ് ഈ പരിശ്രമങ്ങൾ.

ഭരണസമിതി യോഗത്തിനു മുൻപ് പാർലമെന്ററി പാർട്ടി യോഗം ചേരണം. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ വഹിക്കരുത്. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ നിയമനം, തിരഞ്ഞെടുപ്പ് എന്നിവയിൽ തീരുമാനമെടുക്കാനുള്ള അധികാരം ഡിസിസികൾക്ക് നൽകാനുമാണ് മറ്റൊരു നിർദ്ദേശം. ഓരോ ക്യാംപസിന്റെയും ചുമതല ഡിസിസി ഭാരവാഹികൾക്കു നൽകും. ഇവർ വേണം കെ എസ യുവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ. വിദ്യാർത്ഥിനികൾക്കായി പ്രിയദർശിനി സെൽ. 2 വർഷത്തിലൊരിക്കൽ പുനഃസംഘടന എന്നിവ നടത്തണമെന്നുമാണ് മറ്റൊരു ശിബിരം നിർദ്ദേശം.

അതിനിടെ ട്രേഡ് യൂണിയൻ തലത്തിലും മാറ്റങ്ങൾ നിർദേശിക്കുന്നുണ്ട്. ഒരു സ്ഥാപനത്തിൽ കോൺഗ്രസിന്റെ ഒരു യൂണിയൻ മാത്രം എന്നതാണ് നിർദ്ദേശം. ടിവി ചർച്ചകളിൽ പങ്കെടുക്കാൻ പ്രത്യേക പാനൽ. മറ്റുള്ളവർ ചർച്ചയിൽ പങ്കെടുക്കരുത്. ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ പാർട്ടി നിലപാട് വ്യക്തമാക്കാൻ കെപിസിസിയിൽ പൊളിറ്റിക്കൽ ഡെസ്‌ക് തുടങ്ങിയ മാറ്റങ്ങളും വരും. രാഷ്ട്രീയ കേസുകളിൽ പ്രവർത്തകർക്ക് സൗജന്യ നിയമസഹായം നൽകുന്ന ചുമതല ഡിസിസികൾക്കാണ്.

ജില്ലയുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികൾ എല്ലാ മാസവും നിശ്ചിത മാതൃകയിൽ റിപ്പോർട്ട് നൽകണം. പോഷകസംഘടനകളുടെ അവലോകനം 3 മാസം കൂടുമ്പോൾ നടത്തണമെന്നും നിർദേശിക്കുന്നു. അതേസമയം സിപിഎമ്മിന്റെ മാതൃക പിന്തുടർന്നു കോൺഗ്രസും സന്നദ്ധ സേവന രംഗത്തേക്ക് കടക്കാനും ഒരുങ്ങുകയാണ്. എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രങ്ങൾ തുടങ്ങും. ഡിസംബർ 15 ന് അകം ചാരിറ്റബിൾ ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്ത് ആരംഭിക്കാനാണു ചിന്തൻ ശിബിരത്തിലെ നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here