അന്തരിച്ച ഡിവൈഎഫ്‌ഐ നേതാവ് പി.ബിജുവിന്റെ പേരില്‍ മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് റെഡ് കെയര്‍ സെന്റര്‍ തുടങ്ങുന്നതില്‍ പിരിച്ചെടുത്ത ഫണ്ടില്‍ വെട്ടിപ്പ് നടന്നതായി പരാതി

0

തിരുവനന്തപുരം: അന്തരിച്ച ഡിവൈഎഫ്‌ഐ നേതാവ് പി.ബിജുവിന്റെ പേരില്‍ മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് റെഡ് കെയര്‍ സെന്റര്‍ തുടങ്ങുന്നതില്‍ പിരിച്ചെടുത്ത ഫണ്ടില്‍ വെട്ടിപ്പ് നടന്നതായി പരാതി. തിരുവനന്തപുരം പാളയം ഏരിയാ കമ്മിറ്റി പിരിച്ച മുഴുവന്‍ തുകയും കൈമാറിയില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത് . ജില്ലാ വൈസ് പ്രസിഡണ്ട് എസ് ഷാഹിനെതിരായ പരാതിയാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്കും ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിനും നല്‍കിയത്.

പി ബിജുവിന്റെ ഓര്‍മയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയര്‍ സെന്ററും ആംബുലന്‍സ് സര്‍വീസും തുടങ്ങാന്‍ സിപിഎം ജില്ലാ കമ്മറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ഫണ്ട് പിരിവ്. ഓരോ മേഖല കമ്മിറ്റിയോടും രണ്ടര ലക്ഷം രൂപ വീതം പിരിച്ചുനല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം 11,20,200 രൂപ പിരിച്ചെടുത്തു.

എന്നാല്‍ മേല്‍ കമ്മറ്റിക്ക് ആദ്യം കൈമാറിയത് ആറ് ലക്ഷം രൂപ മാത്രമാണ്. അന്ന് പാളയം ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിനാണ് പണം കൈവശം വച്ചിരുന്നതെന്നാണ് ആക്ഷേപം. 5,24,200 അടയ്ക്കാതെ നേതാവ് കൈവശം വെച്ചെന്ന് ഡിവൈഎഫ്‌ഐയിലെ ഒരു വിഭാഗം സിപിഎം നേതൃത്വത്തെ അറിയിച്ചു.

മെയ് മാസം ഏഴിന് ചേര്‍ന്ന സിപിഎം പാളയം ഏരിയാകമ്മറ്റി യോഗത്തില്‍ ഉണ്ടായ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ പല ഘട്ടമായി കുറച്ചു പണം കുടി മേല്‍കമ്മറ്റിയില്‍ അടച്ചു. ഇനി മൂന്നേമുക്കാല്‍ ലക്ഷത്തോളം രൂപ കൂടി അടക്കാനുണ്ടെന്നും ഈ പണം പലിശക്ക് കൊടുത്തെന്നും വരെ ആക്ഷേപമുണ്ട്. അതേ സമയം പണം ബാങ്ക് അക്കൗണ്ടിലുണ്ടെന്നാണ് പാളയം ബ്ലോക്ക് കമ്മിറ്റി വിശദീകരണം. ആരോപണത്തെ കുറിച്ച് ഷഹിന്‍ പ്രതികരിച്ചിട്ടില്ല.

ഹഷിനെ ഡിവൈഎഫ്‌ഐയിലെ ഉന്നതര്‍ സംരക്ഷിക്കുകയാണെന്ന് മേഖല കമ്മിറ്റികള്‍ ആരോപിക്കുന്നു. പയ്യന്നൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ ബാധ്യത തീര്‍ക്കുന്നതിന് പിരിച്ച ഫണ്ടില്‍ തിരിമറി നടന്നത് വലിയ വിവാദമായിരുന്നു.

Leave a Reply