ബ്ലാവേലി വായനയുടെ പുണ്യം പകർന്ന്
ഒലിപ്പുറത്തുമലയിൽ സുബ്രഹ്മണ്യൻ

0

പട്ടിമറ്റം: പഞ്ഞകർക്കടകത്തിലെ മുപ്പത്തൊന്നു ദിവസവും കയ്യിലൊതുങ്ങുന്ന ചുരുൾച്ചിത്രവും ചൂരൽ ചൂണ്ടുവടിയുമായി എറണാകുളം
ജില്ലയിലെ പട്ടിമറ്റത്തെ വീട്ടിൽ നിന്നും അതിരാവിലെ യാത്രയാകും ബ്ലാവേലി വായനക്കാരൻ ഒലിപ്പുറത്തുമലയിൽ സി. ആർ. സുബ്രഹ്മണ്യൻ. മധ്യകേരളത്തിലെ വീരശൈവ പണ്ടാരൻ വിഭാഗത്തിൽപ്പെട്ടവർ വ്രതനിഷ്ഠയോടെ തങ്ങളുടെ കുലാചാരത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നൊരു പാരമ്പര്യകലാരൂപമാണ് ബ്ലാവേലി. ബ്ലാവേലി വായിപ്പിക്കുന്നതിലൂടെ കുടുംബത്തിലെ പിതൃദോഷ
ദുരിതങ്ങൾനീങ്ങി ഐശ്വര്യം വരുമെന്നാണ് പണ്ടുമതലേയുള്ള വിശ്വാസം. 25 വർഷത്തിലേറെയായി 61 വയസ്സുള്ള സുബ്രഹ്മണ്യൻ ബ്ലാവേലി ചിത്രച്ചുരുളിൽ നോക്കി വായനതുടങ്ങിയിട്ട്. കർക്കടകത്തിലും ശിവരാത്രി നാളിൽ ആലുവാ മണപ്പുറത്തും വായന പതിവാണ്. പരദേശിയുടെ വേഷത്തിലെത്തുന്ന ശിവൻ എന്ന വിശ്വാസത്തിൽ, ഭക്ത്യാദരപൂർവ്വ
മാണ് ബ്ലാവേലി വായനക്കാരനെ ഹൈന്ദവഭവനങ്ങളിൽ സ്വീകരിക്കുക. മഞ്ഞളും അരിപ്പൊടിയും ചേർത്ത്‌ തയ്യാറാക്കിയ മിശ്രിതംകൊണ്ട്‌ പരുത്തിത്തുണിയിലാണ്‌ പണ്ട് ബ്ലാവേലി വായനയ്‌ക്കുള്ള ചിത്രങ്ങൾ വരച്ചിരുന്നത്. കലണ്ടറുപോലെ ചുരുട്ടി നിവർത്തി കൊണ്ടുനടക്കാവുന്ന ചിത്രങ്ങൾ ഇപ്പോൾ ഫ്ളക്സിൽ പ്രിന്റ് ചെയ്താണ് വായനക്കാർ കൊണ്ടുനടക്കുന്നതെന്നു സുബ്രഹ്മണ്യൻ പറഞ്ഞു. നൂറിലധികം ചിത്രങ്ങൾ ഇതിൽ ആലേഖനം ചെയ്‌തിരിക്കും. ഓരോ ചിത്രത്തിലും ഒളിഞ്ഞിരിക്കുന്ന ഒരുപാട്‌ കഥകൾ ചെറിയ ചൂരൽവടി ചൂണ്ടി പ്രത്യേക ഈണത്തിൽ പറയുന്നതാണ്‌ രീതി. കുട്ടികളുണ്ടാകാതെ ദു:ഖിച്ചിരിക്കുന്ന ദമ്പതികളുടെ വീട്ടിൽ പരദേശിയായി ഭഗവാൻ ശിവൻ വന്നെത്തുന്നത് വായനക്കാരൻ ചിത്രത്തിലൂടെ കാണിച്ചു തരുന്നു. പുരാവൃത്തം ലളിതമായ നാട്ടുഭാഷയിലൂടെ വിവരിച്ചു തരുന്ന രീതിയാണ് ബ്ലാവേലി കലാകാരന്റേത്. ദമ്പതീദുഃഖം അറിഞ്ഞ പരദേശി തന്റെ അനുഗ്രഹം കൊണ്ട് ഒരു അവർക്ക് കുട്ടിയുണ്ടാകുമെന്ന് അനുഗ്രഹിച്ചുവത്രെ. പക്ഷെ അതിന് ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. കുട്ടിയുടെ അഞ്ചാം പിറന്നാളിന് താൻ വീണ്ടും വരുമെന്നും അന്ന് കുട്ടിയെ കൊന്ന് കറിവെച്ചു കൊടുക്കണമെന്നുമായിരുന്നു ആ വ്യവസ്ഥ. കുട്ടിയുണ്ടാകാനുള്ള അദമ്യമായ ആഗ്രഹത്തിൽ ഗത്യന്തരമില്ലാതെ ദമ്പതികൾ വ്യവസ്ഥ അംഗീകരിക്കുന്നു. കുട്ടിയുടെ അഞ്ചാമത്തെ പിറന്നാളിന് അവനെ ബലികൊടുത്ത് അതിൽ നിന്ന് കറിയുണ്ടാക്കി വെക്കും. കഥയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കറിക്കലങ്ങളുടെ പടം ബ്ലാവേലി ചിത്രങ്ങളിൽ കാണാം. അങ്ങനെ “ഉണ്ടക്കറിയും ഉതിരക്കറിയും” ഉണ്ടാക്കി ദമ്പതികൾ പരദേശിയെ കാത്തിരുന്നു. പിറന്നാൾ ദിനത്തിൽ അവിടെയെത്തിയ പരദേശി സദ്യ കഴിക്കുന്നതിന് മുൻപ് അവരോട് കുട്ടി എവിടെ എന്ന് ചോദിക്കും, അവർ മറുപടി പറയുന്നില്ല. ‘കുട്ടിയും സന്തോഷവും ഇല്ലാത്ത വീട്ടിൽ എങ്ങനെ ഭക്ഷണം കഴിക്കും, നിങ്ങൾ അവനെ പേരെടുത്ത് നീട്ടി വിളിക്കൂ’ എന്ന് പരദേശി പറയും. അങ്ങനെ അമ്മ മകനേയെന്നു വിളിക്കുമ്പോൾ ബലി കൊടുത്ത കുട്ടി ചിരിച്ചോടി വരുന്ന ശുഭ പര്യവസായിയാണ് ബ്ളാവേലി കഥ. നാമമാത്രം കലാകാരന്മാർ മാത്രമാണ് ഇന്ന് ബ്ലാവേലി വായനക്കാരായുള്ളത്. വീരശൈവവിഭാഗത്തിലെ പുതുതലമുറ മറ്റുപല തൊഴിലുകളിലേയ്ക്കും കടന്നതോടെ ബ്ലാവേലി വായനയിൽ പുതുതലമുറക്കാരില്ലാതായി. വായനാവേളയിൽ കുടുംബങ്ങളിൽ നിന്നും കിട്ടുന്ന ദക്ഷിണമാത്രമാണ് ഇവരുടെ വരുമാനം. ജീവിതമാർഗ്ഗത്തിനായി സുബ്രഹ്മണ്യനും ഭാര്യ തങ്കമണിയും തങ്ങളുടെ പരമ്പരാഗത തൊഴിലായ പപ്പടനിർമ്മാ
ണത്തിൽ ഏർപ്പെട്ടു മുന്നോട്ടുപോവുകയാണ്. സംസ്ഥാന സർക്കാർ അവശകലാകാരന്മാർക്ക്‌ നൽകുന്ന പെൻഷൻ ഞങ്ങളെപ്പോലുള്ള
വർക്കുകൂടി അനുവദിച്ചു തരണമെന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here