തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല

0

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ചു വിവാഹം കഴിച്ച മകളെയും ഭര്‍ത്താവിനെയും വെട്ടിക്കൊന്ന പിതാവ്‌ പോലീസില്‍ കീഴടങ്ങി. തൂത്തുക്കുടി സ്വദേശികളായ രേഷ്‌മ, മണികരാജ്‌ എന്നിവരാണു മരിച്ചത്‌. സംഭവത്തില്‍ രേഷ്‌മയുടെ പിതാവ്‌ മുത്തുക്കുട്ടിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
ഒരേ ജാതിയില്‍പ്പെട്ടവരാണെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ്‌ അവഗണിച്ചാണ്‌ രേഷ്‌മയും മണികരാജും വിവാഹിതരായത്‌. യുവതി കോളജ്‌ വിദ്യാര്‍ഥിനിയാണെങ്കിലും യുവാവ്‌ പഠനം സ്‌കൂളില്‍വച്ച്‌ അവസാനിപ്പിച്ചിരുന്നു. ഇതാണ്‌ പെണ്‍വീട്ടുകാരുടെ പ്രധാനപ്രശ്‌നമെന്നും കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണു പ്രാഥമിക നിഗമനം.
ഇരുവരും വിവാഹിതരായതിനു പിന്നാലെ പെണ്‍കുട്ടിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌, രേഷ്‌മയും മണികരാജും മധുര പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരായി.
രണ്ടുപേരും പ്രായപൂര്‍ത്തിയായെന്നും വിവാഹിതരായെന്നും സ്‌റ്റേഷനില്‍ അറിയിക്കുകയും ചെയ്‌തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി പോലീസ്‌ സ്‌റ്റേഷനില്‍നിന്നുതന്നെ ഇരുവരും വീഡിയോ കോളില്‍ സംസാരിച്ചെന്നും സംരക്ഷണം ആവശ്യപ്പെട്ടില്ലെന്നും തൂത്തുക്കുടി പോലീസ്‌ അറിയിച്ചു.
ഗ്രാമമുഖ്യര്‍ വിഷയത്തില്‍ ഇടപെടുകയും ഇരുവരെയും ഉപദ്രവിക്കരുതെന്ന്‌ പെണ്‍കുട്ടിയുടെ വീട്ടുകാരോട്‌ നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍, ഇതിനു പിന്നാലെ നവദമ്പതികള്‍ താമസിച്ചിരുന്ന വാടകവീട്ടിലെത്തിയ മുത്തുക്കുട്ടി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്‌ ഇയാള്‍ പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങിയതായും പോലീസ്‌വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply