ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഒരു കേസിൽ കൂടി ജാമ്യം അനുവദിച്ചു

0

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഒരു കേസിൽ കൂടി ജാമ്യം അനുവദിച്ചു. പാട്യാല ഹൗസ് കോടതി സെഷൻ കോടതിയാണ് ജാമ്യം അനുവദിച്ചത്. 50000 രൂപ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. അതേസമയം ഉത്തർപ്രദേശിൽ നിരവധി കേസുകൾ നിലവിലുള്ളതിനാൽ സുബൈറിന് പുറത്തിറങ്ങാൻ കഴിയില്ല.

2018 ലെ ട്വീറ്റിന്റെ പേരിലായിരുന്നു ഡൽഹി പൊലീസ് മുഹമ്മദ് സുബൈറിനെ കസ്റ്റഡിയിലെടുക്കുന്നത്. സമൂഹത്തിൽ വിവിധ ജാതി- മത- ഭാഷ വിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കുക, മതത്തെയോ മതവികാരത്തേയോ വ്രണപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് ഡൽഹി സൈബർ സെൽ ഡിസിപി കെപിഎസ് മൽഹോത്ര അറിയിച്ചിരുന്നു.

2020 ൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റെന്ന് ആൾട്ട് ന്യൂസിന്റെ മറ്റൊരു സഹസ്ഥാപകൻ പ്രതീക് സിൻഹ ട്വീറ്റ് ചെയ്തിരുന്നു. ഈ കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു. കേസിന്റെ എഫ്ഐആർ കോപ്പി പോലും നൽകാതെയാണ് അറസ്റ്റെന്നും പ്രതീക് സിൻഹ അറിയിച്ചു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ പൊലീസ് വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ആരും നെയിം ടാഗ് ധരിച്ചിരുന്നില്ലെന്ന ഗുരുതര ആരോപണം പ്രതീക് സിൻഹ ഉന്നയിച്ചിരുന്നു. ഒരൊറ്റ ട്വീറ്റ് മാത്രമുള്ള ഫേക്ക് ട്വിറ്റർ അക്കൗണ്ടിന്റെ പരാതിയിലാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here