എ.കെ.ജി. സെന്ററിന്‌ നേരേ ബോംബേറ്‌ , സംഭവം ഇന്നലെ രാത്രി 11.24ന്‌

0

തിരുവനന്തപുരം: സി.പി.എം. സംസ്‌ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിന്‌ നേരേ ബോംബേറ്‌. ഇന്നലെ രാത്രി 11.24നായിരുന്നു സംഭവം. ടി.വി.എസിന്റെ എന്‍ഡോര്‍ക്‌ സ്‌കൂട്ടറിലെത്തിയ ഹെല്‍മെറ്റ്‌ ധാരി എ.കെ.ജി. സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിനുനേരേ ബോംബ്‌ എറിയുകയായിരുന്നു.
ഗേറ്റിനു സമീപത്തെ കരിങ്കല്‍ ഭിത്തിയിലേക്കാണ്‌ ബോംബ്‌ പതിച്ചത്‌. ആക്രമണത്തില്‍ കാര്യമായ നാശനഷ്‌ടമുണ്ടായിട്ടില്ല. പ്രധാന ഗേറ്റിന്‌ സമീപമുണ്ടായിരുന്ന പോലീസും ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടി എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌ വന്നിട്ടുണ്ട്‌.
എകെജി സെന്ററിന്റെ സമീപത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക്‌ പോകുന്ന റോഡില്‍നിന്ന്‌ സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ്‌ എറിയുന്ന ദൃശ്യമാണ്‌ ലഭ്യമായിട്ടുള്ളത്‌. ഉന്നതപോലീസ്‌ ഉദ്യോഗസ്‌ഥരും കന്റോണ്‍മെന്റ്‌ പോലീസും ബോംബ്‌ സ്‌ക്വാഡും സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തി. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും സംഭവമറിഞ്ഞ്‌ സ്‌ഥലത്തെത്തി.
ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ അര്‍ധരാത്രിയില്‍ ഡി.വൈ.എഫ്‌.ഐ. – എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇതിനു പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പ്രവര്‍ത്തകര്‍ എ.കെ.ജി. സെന്ററില്‍നിന്നു സെക്രട്ടേറിയറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തി.
എല്‍.ഡി.എഫ്‌ കണ്‍വീനര്‍ ഇ.പി. ജയരാജന്‍, മന്ത്രി ആന്റണി രാജു, എ.എ. റഹീം എം.പി., പോളിറ്റ്‌ ബ്യൂറോ അംഗം എ. വിജയരാഘവന്‍, പി.കെ. ശ്രീമതി, സി.പി.എം. ഓഫീസ്‌ സെക്രട്ടറി ബിജു കണ്ടക്കൈ, സി.പി.ഐ. നേതാവ്‌ പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ സംഭവമറിഞ്ഞ്‌ സ്‌ഥലത്തെത്തി. പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന്‌ നേതാക്കള്‍ ആഹ്വാനം ചെയ്‌തു. വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരേ നടന്ന ആക്രമണത്തിന്റെ ബാക്കിയാണ്‌ ബോംബേറെന്ന്‌ സ്‌ഥലത്തെത്തിയ സി.പി.എം. നേതാക്കള്‍ ആരോപിച്ചു. സംസ്‌ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാനുള്ള ശ്രമമാണ്‌ ആക്രമണത്തിന്‌ പിന്നില്‍ എന്ന്‌ മന്ത്രി ആന്റണി രാജു പ്രതികരിച്ചു.
ആക്രമണത്തെത്തുടര്‍ന്ന്‌ പോലീസ്‌ സംസ്‌ഥാനത്ത്‌ ജാഗ്രത ശക്‌തമാക്കിയിട്ടുണ്ട്‌. ആക്രണമത്തിന്റെ പശ്‌ചാത്തലത്തില്‍ കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരന്റെ പോലീസ്‌ സുരക്ഷ പോലീസ്‌ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. കണ്ണൂര്‍ ജില്ലയില്‍ പോലീസ്‌ രാത്രി പട്രോളിങ്‌ ശക്‌തമാക്കി. പാര്‍ട്ടി ആസ്‌ഥാനങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു. സംഭവത്തില്‍ സംസ്‌ഥാനത്ത്‌ ഇന്ന്‌ സി.പി.എം. വ്യാപക പ്രതിഷേധം സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here