ഹെലികോപ്റ്ററിന്റെ പിന്നിലെ പങ്ക തട്ടി വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

0

ആതൻസ് (ഗ്രീസ്) ∙ ഹെലികോപ്റ്ററിന്റെ പിന്നിലെ പങ്ക തട്ടി വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. ഗ്രീസിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ബ്രിട്ടിഷ് പൗരനാണ് മരിച്ചത്. ഒരു സ്വകാര്യ വിമാനത്താവളത്തിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ഇരുപത്തൊന്നുകാരനായ വിനോദസഞ്ചാരി, പുറത്തേക്കു നടക്കുമ്പോഴാണ് പങ്ക തട്ടിയത്. യുവാവ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചതായി ബ്രിട്ടൻ ആസ്ഥാനമായുള്ള ‘മെട്രോ’ റിപ്പോർട്ട് ചെയ്തു.

ജൂലൈ 25ന് വൈകുന്നേരം 6.20നാണ് അപകടം സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട് അപകടം സൃഷ്ടിച്ച ഹെലികോപ്റ്ററിന്റെ പൈലറ്റിനെയും വിമാനത്താവളത്തിലെ രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

മൂന്നു വിനോദ സഞ്ചാരികൾക്കൊപ്പം വിമാനത്തവളത്തിലെത്തിയ യുവാവ്, അവിടെനിന്ന് പുറത്തേക്കു നടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഹെലികോപ്റ്റർ ഓഫ് ചെയ്യാത്തതിനാൽ പിന്നിലെ പങ്ക പ്രവർത്തിച്ചിരുന്നു. ഇതു മനസ്സിലാക്കാതെ പിന്നിലൂടെ നടന്നുപോകുമ്പോഴാണ് യുവാവിന്റെ ദേഹത്ത് വാലറ്റത്തെ പങ്കയിടിച്ചത്.

മൈക്കനോസിൽനിന്ന് തിരിച്ചെത്തിയ വിനോദസഞ്ചാരികൾ അവിടെനിന്ന് ആതൻസിലേക്കും തുടർന്ന് ബ്രിട്ടനിലേക്കും മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. ഹെലികോപ്റ്റർ ഓഫ് ചെയ്യും മുൻപേ വിനോദ സഞ്ചാരികൾ പുറത്തിറങ്ങാനിടയായ സാഹചര്യത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പ്രാഥമിക പരിശോധനയിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പൈലറ്റ് ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here