വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് സ്വന്തം വീട് ഇഷ്ടദാനമായി നൽകി ഒരമ്മ

0

അടൂർ: വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് സ്വന്തം വീട് ഇഷ്ടദാനമായി നൽകി ഒരമ്മ. ഏനാത്ത് മണ്ണടി മുഖംമുറി ചൂരക്കാട് ചന്ദ്രമതിയമ്മ (77) ആണ് അതിരില്ലാത്ത സ്‌നേഹത്തിന്റെ തിരിനാളമായി മാറിയത്. ചന്ദ്രമതിയമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിക്കുന്ന മണ്ണടി പടിഞ്ഞാറേകുന്നത്തേത്ത് സരസ്വതി അമ്മാളിന്റെയും പരേതനായ ജോസഫിന്റെയും മകൾ പൊന്നുവിനാണ് വീടും സ്ഥലവും ഇഷ്ടദാനമായി നൽകിയത്. സ്വന്തം മകളോടുള്ള വാത്സല്യമാണ് അവിവാഹിതയായ ചന്ദ്രമതിയമ്മയ്ക്ക് പൊന്നുവിനോടുള്ളത്. ആ സ്‌നേഹവും കരുതലുമാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിൽ.

എറണാകുളം സ്വദേശിയായ ജോസഫും ഭാര്യ സരസ്വതി അമ്മാളും 14 വർഷം മുമ്പാണ് ചന്ദ്രമതിയമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുതുടങ്ങിയത്. അന്ന് പൊന്നുവിന് പ്രായം നാല് വയസ്സ്. ചുരുങ്ങിയ ദിവസംകൊണ്ട് പൊന്നു, അവിവാഹിതയായ ചന്ദ്രമതിയമ്മയ്ക്ക് പ്രിയപ്പെട്ടവളായി. മാസം 500 രൂപ വാടകയ്ക്കായിരുന്നു കരാർ. രണ്ടുമാസം വാടക കൃത്യമായി നൽകി. എന്നാൽ കുടുംബത്തിന്റെ പ്രാരാബ്ദം കാരണം പിന്നീട് വാടക നൽകാൻ കഴിയാത്ത അവസ്ഥയായി. കരാർ തൊഴിലാളിയായ ജോസഫിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയ ചന്ദ്രമതിയമ്മ പിന്നീട് വാടക വാങ്ങിയില്ല.

2015-ൽ ജോസഫ് ഒരുവശം തളർന്ന് കിടപ്പിലായി. 2018 ജനുവരി 18-ന് അദ്ദേഹം മരിച്ചു. ഇതോടെ, പൊന്നുവിനും സരസ്വതിക്കും താങ്ങുംതണലുമായി ചന്ദ്രമതിയമ്മ. തന്റെ കാലശേഷം ഇരുവരും പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരരുതെന്നും നിശ്ചയിച്ചു. അങ്ങനെയാണ് വീടും ഏഴരസെന്റ് സ്ഥലവും ഇഷ്ടദാനം ചെയ്തത്. പ്ലസ്ടുവിന് ഉന്നതവിജയം നേടി ഉപരിപഠനത്തിന് ചേരുകയാണ് പൊന്നു.

Leave a Reply