യുക്രെയ്ൻ ജയിലിൽ മിസൈൽ പതിച്ച് 40 മരണം; കൊല്ലപ്പെട്ടത് യുദ്ധത്തടവുകാർ; ആക്രമണത്തിന്റെ പേരിൽ റഷ്യയും യുക്രെയ്നും പരസ്പരം പഴിചാരി

0

കീവ് ∙ കിഴക്കൻ യുക്രെയ്നിൽ ഡോണെറ്റ്സ്ക് പ്രവിശ്യയിൽ ജയിലിനു നേർക്കുണ്ടായ മിസൈലാക്രമണത്തിൽ യുദ്ധത്തടവുകാരായ 40 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്റെ പേരിൽ റഷ്യയും യുക്രെയ്നും പരസ്പരം പഴിചാരി.

റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 40 തടവുകാരാണു കൊല്ലപ്പെട്ടത്. 75 പേർക്കു പരുക്കേറ്റു. വിമതരുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്ക പട്ടണത്തിലെ ജയിലാണു തകർന്നത്. യുഎസ് നിർമിത ഹൈമാർസ് മിസൈലുകൾ ഉപയോഗിച്ചു യുക്രെയ്ൻ സേന നടത്തിയ ആക്രമണമാണെന്നു റഷ്യ ആരോപിച്ചു. എന്നാൽ, റഷ്യയാണ് ജയിലിൽ ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ കുറ്റപ്പെടുത്തി.

യുക്രെയ്ൻ തടവുകാരായി പിടിച്ചവരെയാണ് ഇവിടെ പാർപ്പിച്ചിരുന്നത്. വിദേശികളടക്കം 193 പേർ ഉണ്ടായിരുന്നു. ഇതേസമയം, വടക്കുകിഴക്കൻ നഗരമായ മൈക്കലോവിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ അറിയിച്ചു.

ആറാം മാസത്തിലെത്തിയ യുദ്ധം മൂലം മുടങ്ങിയ കരിങ്കടൽ തുറമുഖങ്ങളിലൂടെയുള്ള ഗോതമ്പു കയറ്റുമതി പുനരാരംഭിക്കാൻ ഐക്യരാഷ്ട്രസംഘടനയുടെ മധ്യസ്ഥതയിൽ നടപടികൾ പുരോഗമിക്കുകയാണ്. കയറ്റുമതിക്കു റഷ്യയും യുക്രെയ്നും കഴിഞ്ഞയാഴ്ച ധാരണയായിരുന്നു. ഏറ്റുമുട്ടൽ വീണ്ടും രൂക്ഷമായാൽ ഇതു നീണ്ടുപോയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here