പൊള്ളാച്ചിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് കടത്തിയത് 100 ചാക്ക് പാൻമസാല ; തൃശൂരിൽ വെച്ച് വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞു; പ്രതികൾ രക്ഷപ്പെട്ടു

0

തൃശൂരിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് 50 ലക്ഷം രൂപയുടെ പാന്മസാല പിടികൂടി. മതിലകം സി കെ വളവിൽ പുലർച്ചെ നിയന്ത്രണം വിട്ട് മറിഞ്ഞ മിനിലോറിയിൽ നിന്നാണ് പാന്മസാല കണ്ടെത്തിയത്. പ്രതികൾ ഓടി രക്ഷപ്പെട്ടു. മതിലകം പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ലക്ഷ കണക്കിന് രൂപയുടെ പാന്മസാല കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മതിലകം സി.കെ.വളവിൽ ദേശീയ പാതയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞായിരുന്നു അപകടം. അപകടം നടന്നയുടനെ വാഹനത്തിലുണ്ടായിരുന്ന വർ ഓടി രക്ഷപ്പെട്ടു.

വാഹനത്തിന്റെ മുകളിൽ 11 ചാക്ക് പഞ്ചസാരയും, 21 ചാക്ക് അരിയും നിരത്തിയ ശേഷം അതിനടിയിലായിട്ടാണ് പാന്മസാല ചാക്കുകൾ ഒളിപ്പിച്ചിരുന്നത്. നൂറിലധികം ചാക്കുകളിലായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്.

പൊള്ളാച്ചിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് കടത്തിയിരുന്ന പാന്മസാലയാണ് പിടികൂടിയത്. വിദേശത്തേക്ക് കടത്താനാണ് പാന്മസാല കൊണ്ടു പോയതെന്നും സംശയമുണ്ട്. കുന്നംകുളം സ്വദേശിയുടെതാണ് മിനിലോറി. വെളിയങ്കോട് സ്വദേശിക്ക് ഒരു മാസത്തേക്ക് മിനിലോറി വാടകയ്ക്ക് കൊടുത്തതാണെന്ന് വാഹന ഉടമ പറയുന്നു. രക്ഷപ്പെട്ട പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply