താലൂക്ക് ആശുപത്രി ഡോക്ടർമാരുടെ അനാസ്ഥ മൂലം അതിഥിത്തൊഴിലാളിയുടെ ഇരട്ടക്കുട്ടികൾ ഗർഭത്തിലിരിക്കെ മരിച്ചതിൽ വ്യാപക പ്രതിഷേധം

0

കോതമംഗലം: താലൂക്ക് ആശുപത്രി ഡോക്ടർമാരുടെ അനാസ്ഥ മൂലം അതിഥിത്തൊഴിലാളിയുടെ ഇരട്ടക്കുട്ടികൾ ഗർഭത്തിലിരിക്കെ മരിച്ചതിൽ വ്യാപക പ്രതിഷേധം. കുത്തുകുഴിയിൽ വർഷങ്ങളായി താമസിക്കുന്ന സുവർണ ബിശ്വാസ് – ബാലു ബിശ്വാസ് ദമ്പതികളുടെ ഇരട്ട ആൺകുട്ടികളാണ് വയറ്റിൽ കിടന്ന് മരിച്ചത്. പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാരില്ലാതിരുന്നതാണ് അപകടമുണ്ടാക്കിയത്.

കഴിഞ്ഞ ആഴ്ച രാവിലെ പ്രസവവേദനയുമായി ആശുപത്രിയിലെത്തിയപ്പോൾ ഗൈനക്കോളജി വിഭാഗത്തിലെ രണ്ടു ഡോക്ടർമാരും ലീവിൽ ആണെന്നും നേഴ്‌സുമാർ പരിശോധിച്ച് ഡോക്ടറില്ലാത്തതിനാൽ കളമശേരി മെഡിക്കൽ കോളജിലേക്ക് പോകാൻ നിർദേശിക്കുകയായിരുന്നു. വളരെ അപകട സാഹചര്യമുണ്ടായിട്ടും ഒരു നഴ്‌സിനെ കൂടെ പറഞ്ഞു വിടാനോ അടിയന്തര ശുശ്രൂഷകൾ നൽകാനോ ആശുപത്രി ജീവനക്കാർ തയാറായില്ല.

കളമശേരി മെഡിക്കൽ കോളജിലെത്തിയതിനു ശേഷം നടത്തിയ പരിശോധനയിൽ ഇരട്ടക്കുട്ടികൾ മരിച്ചു പോയതായി അറിയിക്കുകയും തുടർന്ന് കുട്ടികളെ പുറത്തെടുത്ത് വാർഡ് കൗൺസിലർ നോബ് മാത്യു ഇടപെട്ട് എറണാകളം പൊതു ശ്മശാനത്തിൽ സംസ്‌കരിക്കുകയും ചെയ്തു.

താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരില്ല . ഓർത്തോ, ഡന്റൽ തുടങ്ങിയ വിഭാഗങ്ങളിലും സോക്ടർമാരില്ല. ആശുപത്രി അധികാരികളുടെ അനാസ്ഥമൂലം കുട്ടികൾ മരിച്ചതിനെക്കുറിച്ചു അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഐഎൻടിയുസി താലൂക്ക് കമ്മിറ്റി മന്ത്രിക്ക് പരാതി നൽകി. നടപടി ഉണ്ടാകാത്തപക്ഷം സമരം ആരംഭിക്കും.

യോഗം ഡിസിസി ജനറൽ സെക്രട്ടറി അബു മൊയ്തിൻ ഉദ്ഘാടനം ചെയ്തു.ഐഎൻടിയുസി താലൂക്ക് ജനറൽ സെക്രട്ടറി റോയി.കെ.പോൾ അധ്യക്ഷനായി. ചന്ദ്രലേഖ ശശിധരൻ, സീതി മുഹമ്മദ്, ജിജി സാജു , ശശികുഞ്ഞുമോൻ ,ജോളി മാലിപ്പാറ, റെജി പള്ളി മാലി, എൽദോസ് പൈലി, ജിജോ .ഐ.വി. , കെ.ഇ. കാസിം, , വിൽസൻ തോമസ്, മൈതീൻ പി.വി.എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here