അക്രമികളെ വിമാനത്തിൽ കയറ്റി വിട്ടത് വി.ഡി സതീശനും കെ.സുധാകരനും കൂടി: വിമാനക്കമ്പനി തന്നോട് നന്ദി പറയണമെന്നും ഇ.പി ജയരാജൻ

0

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിവീഴ്‌ത്തിയ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വിമാനത്തിനുള്ളിൽ അക്രമം ഉണ്ടാക്കാൻ നോക്കിയപ്പോൾ താൻ പ്രതിരോധിക്കുകയാണ് ചെയ്തതെന്നും അതിന് വിമാനകമ്പനി തന്നോട് നന്ദി പറയണമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കോൺഗ്രസ് വിമാന ടിക്കറ്റ് എടുത്തുകൊടുത്ത് മുഖ്യമന്ത്രിയെ ആക്രമിക്കാനായി നടത്തിയ ഭീകര പദ്ധതിയാണിതെന്നും ഇപി ജയരാജൻ ആരോപിച്ചു.

ഒരു വെടിവെപ്പുമുണ്ടാക്കി സംഘർഷമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു. വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധിച്ചവർ മദ്യപിച്ചിരുന്നുവെന്ന പ്രസ്താവനയും ജയരാജൻ തിരുത്തി.മദ്യപിച്ചതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ലല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കള്ളുകുടിക്കാത്തതാണോ പ്രശ്നമെന്നായിരുന്നു ഇ.പിയുടെ മറുപടി. അവരുടെ വിമാനത്തിനുള്ളിലെ പ്രവർത്തനം കണ്ടാൽ ആർക്കും അങ്ങനെ തോന്നിപ്പോവും. എനിക്ക് തോന്നിയതാണ് പറഞ്ഞതെന്നും ഇ.പി ജയരാജൻ പറഞ്ഞു.

രാഷ്ട്രീയ വിരോധം ഇങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടത്. വിമാനമാണോ മുദ്രാവാക്യം വിളിക്കേണ്ട സ്ഥലം. കുട്ടികളാണോ അത്. കോൺ?ഗ്രസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് വ്യക്തമല്ലേ. കോൺ?ഗ്രസ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയാണത്. അവരുടെ ലക്ഷ്യം പാളിപ്പോയി. മുഖ്യമന്ത്രിക്കെതിരെ ചാടിയടുക്കുമ്പോൾ ഞാനിങ്ങനെ നോക്കി നിൽക്കണോ. മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് ഞാൻ തടഞ്ഞു. അതുകൊണ്ട് വിമാനക്കമ്പനിയും എയർപോർട്ട് അഥോറിറ്റിയും എന്നോട് നന്ദി രേഖപ്പെടുത്തണം. ഞാനാണവരെ രക്ഷിച്ചത്. ഒരു മുഖ്യമന്ത്രിയെ ആക്രമിച്ചു എന്ന കളങ്കം ഈ കമ്പനിക്ക് ഇല്ലാതാക്കിയത് ഞങ്ങൾ ഇടപെട്ടതുകൊണ്ടാണ്. അതിൽ മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി സ്റ്റാഫ് നല്ല പങ്കു വഹിച്ചു,’ ഇപി ജയരാജൻ പറഞ്ഞു.

വി.ഡി സതീശനും കെ.സുധാകരനും കൂടിയാണ് അക്രമികളെ വിമാനത്തിൽ കയറ്റിവിട്ടത്. സാമാന്യ ബോധമുള്ള ഒരു മനുഷ്യനും ചെയ്യുന്നതല്ല അവർ ചെയ്തത്. സ്വർണക്കടത്തു കേസിൽ ജയിലിൽ കിടുന്നിട്ടുള്ള സ്വപ്നയാണ് ഇപ്പോൾ യു.ഡി.എഫിന്റെ പ്രധാന സംരക്ഷക. ഗാന്ധിസവും നെഹ്റുയിസവുമൊക്കെ വിട്ട് കോൺഗ്രസ് ഇപ്പോൾ മറ്റു ചില ഇസത്തിന് പുറകെയാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. ഇ.പിയാണ് മദ്യപിച്ചതെന്ന സതീശന്റെ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് സതീശൻ മദ്യപിച്ചതുകൊണ്ട് തോന്നിയതാവാമെന്നും ഇ.പി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here