ഗർഭകാലത്തു നടത്തിയ അൾട്രാസൗണ്ട് സ്കാനിങ്ങുകൾ പൂർണമായും തെറ്റ് ; വൈകല്യവുമായി പിറന്ന കുട്ടിക്കും രക്ഷിതാക്കൾക്കും 1.25 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

0

ഗർഭകാലത്തു നടത്തിയ അൾട്രാസൗണ്ട് സ്കാനിങ്ങുകൾ പൂർണമായും തെറ്റായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ, വൈകല്യവുമായി പിറന്ന കുട്ടിക്കും രക്ഷിതാക്കൾക്കും 1.25 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. നാഗ്പുരിലെ ഇമേജിങ് പോയിന്റ് എന്ന സ്ഥാപനത്തിനെതിരെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റേതാണു സുപ്രധാനവിധി. 4 തവണ അൾട്രാസൗണ്ട് പരിശോധന നടത്തിയിട്ടും കുട്ടിയുടെ അവസ്ഥ കണ്ടെത്താൻ കഴി‍ഞ്ഞില്ലെന്നതും ഇതുകൊണ്ടാണ് ജന്മനാ വൈകല്യങ്ങളുമായി കുട്ടി ജനിക്കാൻ കാരണമെന്നും സുരക്ഷിതമായ ഗർഭഛിദ്രത്തിനുള്ള അവസരം നഷ്ടമായെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

പൂർണമായും കൈവിരലുകൾ ഇല്ലാതെയും ഇരുകാലുകൾക്കും ഗുരുതര വൈകല്യങ്ങളുമായാണ് കുട്ടി 2006ൽ ജനിച്ചത്. ഗർഭിണിയായി 17–18 ആഴ്ച പിന്നിട്ടഘട്ടത്തിൽ നടത്തിയ പരിശോധനയിലും ഇതു കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടിയുടെ ഭാവി, ചികിത്സച്ചെലവുകൾ, ശസ്ത്രക്രിയ എന്നിവ മുന്നിൽക്കണ്ടാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചതെന്നു ജസ്റ്റിസ് ആർ.കെ. അഗർവാൾ, ഡോ. എസ്.എം. കാന്തികാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

തുക കുട്ടിയുടെ പേരിൽ ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇടാനാണ് ഉത്തരവ്. കുട്ടിയുടെ പ്രതിമാസ ചെക്കപ്പിനും മറ്റും പലിശ രക്ഷിതാക്കൾക്കു പിൻവലിക്കാം. പുറമേ, കോടതി ചെലവിലേക്ക് 1 ലക്ഷം പ്രത്യേകം നൽകാനും ഉത്തരവുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here