നിയന്ത്രണംവിട്ട ബൈക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

0

കൊല്ലം: നിയന്ത്രണംവിട്ട ബൈക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു.പന്മന പുത്തന്‍ചന്ത ചെപ്പള്ളില്‍ കിഴക്കതില്‍ ഷെരീഫാബീവിയുടെയും ഷാജഹാന്റെയും മകന്‍ എസ്.ഷഹന്‍ഷാ (19), വടക്കുംതല പറമ്പിമുക്ക് കോയിക്കലയ്യത്ത് വീട്ടില്‍ ബഷീറിന്റെയും റംലയുടെയും മകന്‍ സുധീര്‍ (20) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ രാമന്‍കുളങ്ങര മേടയില്‍മുക്കിനു സമീപത്തായിരുന്നു അപകടം.സുധീറാണ് ബൈക്ക് ഓടിച്ചിരുന്നത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മേടയില്‍മുക്കിനുസമീപം വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടതോടെ മറികടക്കാന്‍ ശ്രമിക്കവേയാണ് നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍ വന്ന കെ.എസ്.ആര്‍.ടി.സി. വേണാട് ബസ്സുമായി ഇടിച്ചത്.

ഇടിക്കുന്നതിനുമുമ്പുതന്നെ നിയന്ത്രണംവിട്ട ബൈക്കില്‍നിന്ന് പിന്നിലിരുന്ന ഷഹന്‍ഷാ റോഡിലേക്ക് തെറിച്ചുവീണിരുന്നു.തൊട്ടുപിന്നിലുണ്ടായിരുന്ന കാറിനു മുന്നിലേക്കാണ് ഇരുവരും വീണത്.
ബസ്സിന്റെ വലതുഭാഗത്തെ ഹെഡ്‌ലൈറ്റിന്റെ ഭാഗത്തേക്ക് ഇടിച്ചുകയറിയ ബൈക്ക് ഇടിയുടെ ആഘാതത്തില്‍ അല്പദൂരം പിന്നിലേക്ക് നിരങ്ങിനീങ്ങി. രണ്ടുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ തകര്‍ന്നുപോയി. ബൈക്കിന്റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു.

റോഡിലേക്കുവീണ ഇരുവരെയും സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. അപകടത്തെത്തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.ചിന്നക്കടയില്‍ ക്വയിലോണ്‍ മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ മൊബൈല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചുവരികയായിരുന്നു ഇരുവരും. ഷെറീനയാണ് ഷഹന്‍ഷായുടെ സഹോദരി. സുനീറാണ് സുധീറിന്റെ സഹോദരന്‍.
ഷഹന്‍ഷായുടെ മൃതദേഹം കൊട്ടുകാട് ജുമാമസ്ജിദില്‍ കബറടക്കി. സുധീറിന്റെ കബറടക്കം ഞായറാഴ്ച വടക്കുംതല ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here