സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മന്റ്‌ ഡയറക്‌ടറേറ്റ്‌ മാപ്പുസാക്ഷിയാക്കും

0

കൊച്ചി : നയതന്ത്ര സ്വര്‍ണക്കടത്തിലെ കള്ളപ്പണയിടപാടു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മന്റ്‌ ഡയറക്‌ടറേറ്റ്‌(ഇ.ഡി.) മാപ്പുസാക്ഷിയാക്കും. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്‌ഥനു ഡല്‍ഹിയിലെ ഇ.ഡി. ഡയറക്‌ടറേറ്റിന്റെ അനുമതി ലഭിച്ചു. മാപ്പുസാക്ഷിയാകാന്‍ സ്വപ്‌ന സമ്മതം അറിയിച്ചിട്ടുണ്ട്‌.
അനുമതി ലഭിച്ചതോടെയാണു രഹസ്യമൊഴി രേഖപ്പെടുത്താന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ സ്വപ്‌ന അപേക്ഷ നല്‍കിയത്‌. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു കേസിലുള്ള പങ്കുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നായിരുന്നു അപേക്ഷയില്‍ പറഞ്ഞിരുന്നത്‌. രഹസ്യമൊഴിയുടെ പകര്‍പ്പിനായി അന്വേഷണ ഉദ്യോഗസ്‌ഥന്‍ കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും.
പ്രതിയെ മാപ്പുസാക്ഷിയാക്കാന്‍ അന്വേഷണ ഉദ്യോഗസ്‌ഥനു നിയമപരമായ അധികാരമുണ്ടെങ്കിലും ശ്രദ്ധേയമായ കേസായതിനാലാണു ഡയറക്‌ടറേറ്റിന്റെ അനുമതി വാങ്ങിയത്‌. കേസില്‍ താന്‍ ഇര മാത്രമാണെന്നും ഉന്നതരായവരുടെ നിര്‍ദേശം അനുസരിക്കുക മാത്രമേ തനിക്കു നിവൃത്തിയുണ്ടായിരുന്നുള്ളൂ എന്നുമാണു സ്വപ്‌നയുടെ കുറ്റസമ്മതം. നാമമാത്ര പ്രതിഫലം മാത്രമാണു തനിക്കു ലഭിച്ചത്‌. കേസില്‍ ഒറ്റപ്പെട്ടതോടെയാണു മാപ്പുസാക്ഷിയാകാന്‍ സ്വപ്‌ന തയാറായതെന്നാണു സൂചന. കൂട്ടുപ്രതി പി.എസ്‌. സരിത്തും ഇ.ഡിയുമായി സഹകരിച്ചേക്കും.
കസ്‌റ്റംസ്‌ കേസില്‍ മൂന്നാം പ്രതി സന്ദീപ്‌ നായര്‍ മാപ്പുസാക്ഷിയായിരുന്നു. ഇതോടെ ഒന്നാംപ്രതി സരിത്തും സ്വപ്‌നയുമാണു കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകര്‍ എന്ന നിലയിലാണു കസ്‌റ്റംസ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌.
സ്വര്‍ണക്കടത്ത്‌, ലൈഫ്‌ മിഷന്‍, ഡോളര്‍കടത്തു കേസുകളില്‍ സ്വപ്‌നയും സരിത്തും ഒന്നിച്ചു നീങ്ങുമ്പോള്‍ മറ്റെല്ലാ പ്രതികളും മറ്റൊരു സംഘമായാണു നീങ്ങുന്നത്‌. പ്രതികള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാന്‍ കഴിഞ്ഞതു ഇ.ഡിക്കു നേട്ടമാണ്‌.

‘കൂടുതല്‍ കാര്യങ്ങള്‍ വേണ്ടസമയത്ത്‌ പറയും’

പാലക്കാട്‌ : മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന്‌ സ്വര്‍ണക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷ്‌. കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്‌. അത്‌ വേണ്ടസമയത്ത്‌ പറയും. സ്വര്‍ണക്കടത്ത്‌ കേസില്‍ ഉള്‍പ്പെട്ട വ്യക്‌തികളും അവരുടെ ഭാര്യയും അമ്മയുമെല്ലാം എല്ലാം സുഖമായി ജീവിക്കുന്നു. കമലയായാലും വീണയായാലും എല്ലാ സൗകര്യങ്ങളും അനുഭവിച്ച്‌ തന്നെയാണ്‌ ഇപ്പോഴും കഴിയുന്നത്‌. താന്‍ മാത്രമാണ്‌ ബുദ്ധിമുട്ടിയത്‌. 16 മാസം ജയില്‍ കിടന്നു. വീടും ഭക്ഷണവുമില്ലാതെ വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. എല്ലാവരും അവരുടെ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി തന്നെ ഉപയോഗിച്ചു.
തന്റെ കേസിനെക്കുറിച്ചും കേസില്‍ ഉള്‍പ്പെട്ട വ്യക്‌തികളെയും അവരുടെ പങ്കിനെയും കുറിച്ചുമാണ്‌ പറയുന്നത്‌. മുഖ്യമന്ത്രിയുടെ ബാഗില്‍ പണം കൊണ്ടുവന്നതും ബിരിയാണി പാത്രങ്ങള്‍ കൊണ്ടുവന്നതുമെല്ലാം സത്യമാണ്‌. മുഖ്യമന്ത്രിയുടെ രാജി തന്റെ ആവശ്യമല്ല. ആരാണ്‌ സംസ്‌ഥാനം ഭരിക്കുന്നത്‌ എന്നത്‌ എന്റെ വിഷയമല്ല. വ്യക്‌തിപരമോ രാഷ്‌ട്രീയപരമോ ആയ അജന്‍ഡയില്ലെന്നും സ്വപ്‌ന പറഞ്ഞു.
പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ പി.സി. ജോര്‍ജ്‌ വിളിച്ചിരുന്നു. അദ്ദേഹത്തെ നേരിട്ട്‌ അറിയില്ല. അദ്ദേഹത്തിന്‌ എഴുതിക്കൊടുത്ത കാര്യം കൈയിലുണ്ടെങ്കില്‍ പുറത്തുവിടട്ടെ. സരിതയെ ജയിലില്‍ വച്ചാണ്‌ കണ്ടത്‌. അവരോട്‌ ഹലോ പോലും പറഞ്ഞിട്ടില്ല. തന്റെ പേരില്‍ നടന്നതായി പറയുന്ന പി.സി. ജോര്‍ജും സരിതയും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച്‌ അറിയില്ലെന്നും സ്വപ്‌ന പറഞ്ഞു.
നാലു കേസുകള്‍ തനിക്കെതിരേയുണ്ട്‌. അവിടെ സംഭവിച്ച കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്‌ഥരോട്‌ പറഞ്ഞിട്ടുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here