വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതി എസ്എഫ്ഐ നേതാവ് അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും ഒഴിവാക്കി ഉത്തരവിറക്കി

0

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതി എസ്എഫ്ഐ നേതാവ് അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും ഒഴിവാക്കി ഉത്തരവിറക്കി. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. ഇന്ന് രാവിലെ മന്ത്രിയുടെ ഓഫീസ് കെ.ആർ.അവിഷിത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഏറെ നാളായി ഓഫീസിൽ ഹാജരാകുന്നില്ലെന്നും അതിനാൽ ഒഴിവാക്കണമെന്നുമാണ് കത്തിൽ കാരണമായി പറയുന്നത്. ഇതിന് പിന്നാലെയാണ് നടപടി. എസ്എഫ്ഐ വയനാട് ജില്ലാ കമ്മറ്റി മുൻ വൈസ് പ്രസിഡന്റാണ് അവിഷിത്ത്.

അതേസമയം അവിഷിത്തിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാനാണ് പൊലീസിന് മേൽ സിപിഎം നേതൃത്വം സമ്മർദ്ദം ചെലുത്തുന്നത് എന്നാണ് വിവരം. ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് തന്നെ അറസ്റ്റിലായാൽ സർക്കാർ പ്രതിസന്ധിയിലാകും എന്ന് തിരിച്ചറിഞ്ഞാണ് സിപിഎം നീക്കം.

ആക്രമണം നടന്ന സമയത്ത് അവിഷിത്ത് അവിടെയുണ്ടായിരുന്നെങ്കിലും ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല എന്നാണ് സിപിഎം പറയുന്നത്. എസ്എഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റാണ് അവിഷിത്ത്. സംഘർഷമുണ്ടായി എന്നറിഞ്ഞാണ് അവിഷിത്ത് സ്ഥലത്ത് എത്തിയതെന്നും അതിനാൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നുമാണ് സിപിഎം ആവശ്യപ്പെടുന്നത്.

വീണാ ജോർജിന്റെ പഴ്‌സണൽ സ്റ്റാഫിന് പങ്കെന്ന് കോൺഗ്രസ് നേതാവ് ഐ.സി ബാലകൃഷ്ണൻ എംഎൽഎയാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് ബാലകൃഷ്ണൻ പറയുഞ്ഞത്. ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെയോ നിർദേശമില്ലാതെയോ ഇത് സംഭവിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വീണാ ജോർജിന്റെ സ്റ്റാഫ് പങ്കെടുത്തുവെന്ന കാര്യം പുറത്തുവരുന്നു. പോലീസ് അക്കാര്യം അന്വേഷിക്കാൻ തയ്യാറാകണം’ – അദ്ദേഹം ആവശ്യപ്പെട്ടു. അതേസമം രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തത് ബിജെപിയെ സന്തോഷിപ്പിക്കാനുള്ള് സിപിഎം നീക്കത്തിന്റെ ഭാഗമാണെന്ന് കെ മുരളീധരൻ എംപി കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ സംഘടനാ രീതി പരിശോധിച്ചാൽ ഉന്നത നേതൃത്വം അറിയാതെ ഇത്തരമൊരു കാര്യം നടക്കില്ലെന്ന് വ്യക്തമാണ്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിൽ ബിജെപി വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. അതിന് സഹായകമാകുന്ന നിലപാടാണ് സിപിഎമ്മിൽനിന്ന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് നടപടി ബിജെപിയെ സന്തോഷിപ്പിക്കാനാണെന്ന് പറഞ്ഞതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കേരളത്തിലെ സിപിഎമ്മിന് പല അജണ്ടകളുമുണ്ടെന്നും കേന്ദ്ര സർക്കാരിനെ അവർക്ക് സന്തോഷിപ്പിക്കേണ്ടതുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. അതിനുവേണ്ടിയാകാം അക്രമം നടത്തിയത്. നഗ്‌നമായ താണ്ഡവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഈ മാസം 30-ന് വയനാട്ടിലെത്തും. ജൂൺ 30, ജൂലൈ ഒന്ന്, രണ്ട്, തിയതികളിൽ രാഹുൽ വയനാട് ലോക്സഭാ മണ്ഡലത്തിലുണ്ടാകും. ഓഫീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലല്ല രാഹുലിന്റെ സന്ദർശനം. മുൻപേ നിശ്ചയിച്ചതാണത്.

Leave a Reply