കുട്ടികളിലെയും യുവാക്കളിലെയും മയക്കുമരുന്ന് ഉപയോഗത്തിനെതിരെ രക്ഷിതാക്കള്‍ക്ക് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു

0

കറുകുറ്റി (അങ്കമാലി): കുട്ടികളിലും യുവാക്കളിലും ഉയര്‍ന്നു വരുന്ന മയക്കുമരുന്നു ഉപയോഗത്തിനെതിരെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ പരിപാടി നടത്തി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അങ്കമാലി കറുകുറ്റിയിലുള്ള മൈന്‍ഡ്ഫുള്‍ റീജ്യുവനേഷന്‍ സെന്റര്‍ ഫോര്‍ ഡീഅഡിക്ഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്റെ ആഭിമുഖ്യത്തിലാണ് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ രക്ഷിതാക്കളും അധ്യാപകരും മനസിലാക്കിയാല്‍ മയക്കുമരുന്നിനടിമപ്പെടാതെ ഇവരെ രക്ഷിക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ ബോധവല്‍ക്കരണം ലക്ഷ്യമിട്ടായിരുന്നു പരിപാടി.

അങ്കമാലി സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ഫെറോനെ പള്ളി വികാരി ഫാ. സേവിയര്‍ അവാലില്‍ മുഖ്യ പ്രഭാഷണം നടത്തി. സാഹചര്യങ്ങളാണ് ഓരോരുത്തരും ലഹരിക്ക് അടിമകളാകുന്നതെന്നും സ്വയം വിചാരിച്ചാല്‍ എല്ലാവര്‍ക്കും തിരിച്ചു വരാനാകുമെന്നും ഫാ. സേവിയര്‍ അവാലില്‍ പറഞ്ഞു. അങ്കമാലി എക്സൈസ് സിവില്‍ ഓഫീസര്‍ സിദ്ദിഖ്, എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ്, ഡോ. ജിയോ ജോര്‍ജ്, ഡോ. ഹിബ, ദിവ്യ എന്നിവര്‍ സംസാരിച്ചു.

സെന്ററിലെ ജീവനക്കാരുടെയും അന്തേവാസികളുടെയും കലാ പരിപാടികളും അരങ്ങേറി. മയക്കുമരുന്ന് ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി ചികിത്സയും കൗണ്‍സലിങ്ങും നല്‍കി വരുന്ന സ്ഥാപനമാണ് മൈന്‍ഡ്ഫുള്‍ റീജ്യുവനേഷന്‍ സെന്റര്‍ ഫോര്‍ ഡീഅഡിക്ഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍.

Leave a Reply