തന്ത്രിമുഖ്യനും ആചാര്യശ്രേഷ്ഠനുമായ നെടുമ്പിള്ളി തരണനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് ഓർമ്മയായി

0

കൂവപ്പടി ജി. ഹരികുമാർ

ഇരിങ്ങാലക്കുട: കേരളത്തിലെ ഒട്ടേറെ പ്രസിദ്ധമായ ക്ഷേത്രങ്ങളുടെ താന്ത്രികാചാര്യനായിരുന്ന ഇരിങ്ങാലക്കുട നെടുമ്പിള്ളി തരണനെല്ലൂർ
ഇല്ലത്ത് ബ്രഹ്മശ്രീ. പരമേശ്വരൻ നമ്പൂതിരിപ്പാട് (72) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 12.15-നായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം തുടങ്ങി സംസ്ഥാനത്തെ നൂറിൽപ്പരം ക്ഷേത്രങ്ങളുടെ താന്ത്രികാവകാശം തരണനെല്ലൂർ ഇല്ലത്തെ ഇപ്പോഴത്തെ തലമുതിർന്ന കാരണവരായ ഇദ്ദേഹത്തിനായിരുന്നു. അഖിലകേരള തന്ത്രിസമാജത്തിന്റെ നേതൃനിരയിൽ ആദ്യകാലം മുതൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഒരുവട്ടം വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. താന്ത്രികവൃത്തിയ്ക്കു പുറമെ അധ്യാപനത്തിലും ആദ്യകാലത്ത് വ്യാപൃതനായിരുന്ന പരമേശ്വരൻ നമ്പൂതിരിപ്പാട് ഉണ്ണായി വാരിയർ കലാനിലയം, തരണനല്ലൂർ നമ്പൂതിരീസ് കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പ്രസന്ന അന്തർജനം, മക്കൾ : പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീദേവി. മരുമക്കൾ: അശ്വതി, ശ്രീജിത്ത്‌ കുമാർ. തന്ത്രിമുഖ്യന്റെ വിയോഗത്തിൽ അഖിലകേരള തന്ത്രിസമാജം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ആചാരപ്രകാരമുള്ള സംസ്കാരക്രിയകൾ ഇരിങ്ങാലക്കുടയിലെ ഇല്ലത്ത് ശനിയാഴ്ച നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here