അമേരിക്കയിൽ ഗർഭഛിദ്രം നടത്തുന്നതിന് നിയമ സാധുത നൽകിയിരുന്ന വിധി റദ്ദാക്കിയ സുപ്രീം കോടതി തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ജീവനക്കാരായ സ്ത്രീകൾക്ക് സഹായം നൽകുമെന്ന് വ്യക്തമാക്കി ബഹുരാഷ്ട്ര കമ്പനികൾ

0

ന്യൂയോർക്ക്: അമേരിക്കയിൽ ഗർഭഛിദ്രം നടത്തുന്നതിന് നിയമ സാധുത നൽകിയിരുന്ന വിധി റദ്ദാക്കിയ സുപ്രീം കോടതി തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ജീവനക്കാരായ സ്ത്രീകൾക്ക് സഹായം നൽകുമെന്ന് വ്യക്തമാക്കി ബഹുരാഷ്ട്ര കമ്പനികൾ.

കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗർഭഛിദ്രത്തിന് തടസ്സങ്ങൾ നേരിടുന്ന തങ്ങളുടെ ജീവനക്കാർക്ക് നിയമസഹായം നൽകുമെന്നാണ് മീഡിയ, ടെക്‌നോളജി, ഫിനാൻസ് മേഖലകളിലെ നിരവധി കമ്പനികൾ അറിയിച്ചിരിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡനുൾപ്പെടെ വിമർശിച്ച കോടതി തീരുമാനത്തിൽ അമേരിക്കൻ സ്ത്രീകൾ തെരുവുകളിൽ പ്രതിഷേധിക്കുമ്പോഴാണ് ബഹുരാഷ്ട്ര കമ്പനികൾ നിലപാട് അറിയിച്ചത്.

ആമസോൺ, മെറ്റ, നെറ്റ്ഫ്‌ളിക്‌സ്, മൈക്രോസോഫ്റ്റ് , ആപ്പിൾ, ഡിസ്‌നി, ലെവിസ്, ഡിസ്‌നി, സ്റ്റാർബക്ക്‌സ്, സൂം, ഗുക്കി തുടങ്ങിയ കമ്പനികളാണ് ഗർഭഛിദ്രത്തിന് തടസ്സം നേരിടുന്ന സ്ത്രീകൾക്ക് സഹായം നൽകുമെന്നറിയിച്ചത്. ഈ കമ്പനികളിലെ ജീവനക്കാരികളുള്ള അമേരിക്കൻ സംസ്ഥാനത്ത് ഗർഭഛിദ്രത്തിന് നിയമപരമായ തടസ്സം നേരിടുന്നുണ്ടെങ്കിൽ യുഎസിലെ മറ്റൊരു സംസ്ഥാനത്ത് ഗർഭഛിദ്രത്തിന് പോവാനുള്ള യാത്രാ ചെലവുകൾ അടക്കം വഹിക്കുമെന്നാണ് കമ്പനികൾ വ്യക്തമാക്കിയിരിക്കുന്നത്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇനി മുതൽ ഗർഭഛിദ്രം നിരോധിക്കുന്ന നിയമം സംസ്ഥാനങ്ങൾക്ക് ഉണ്ടാക്കാനാവും. ഈ സാഹചര്യത്തിലാണ് കമ്പനികളുടെ പ്രഖ്യാപനം. 1973 ലെ റോ വേഴ്സസ് വെയ്ഡ് കേസിലെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. അമേരിക്കൻ സ്ത്രീകൾക്ക് ഗർഭം ധരിച്ച ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളിൽ ഗർഭഛിദ്രത്തിന് സമ്പൂർണ അവകാശം നൽകുന്നതായിരുന്നു റോ വേഴ്സസ് വെയ്ഡ് വിധി.

15 ആഴ്ചക്ക് ശേഷം ഗർഭഛിദ്രം നടത്തുന്നത് വിലക്കിയ മിസിസ്സിപ്പി സംസ്ഥാനത്തിന്റെ തീരുമാനത്തിനെതിരെ വന്ന കേസ് പരിഗണിക്കവെയാണ് 50 വർഷം പഴക്കമുള്ള റോ വേഴ്സസ് വെയ്ഡ് വിധി സുപ്രീം കോടതി റദ്ദാക്കിയത്. മിസിസ്സിപ്പി സംസ്ഥാനത്തിന്റെ തീരുമാനം സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. യാഥാസ്ഥിതികർക്ക് ഭൂരിപക്ഷമുള്ള കോടതിയിൽ 5-4 ഭൂരിപക്ഷത്തിനാണ് വിധി പുറപ്പെടുവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here