കൂടുതൽ സമുദായങ്ങൾ ഒബിസി പട്ടികയിൽ; മൂന്നു റൂറൽ പൊലീസ് ജില്ലകളിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിറ്റാച്ചുമെന്റുകൾ; മന്ത്രിസഭായോഗ തീരുമാനങ്ങൾ

0

തിരുവനന്തപുരം: കൊല്ലം, തൃശ്ശൂർ, കണ്ണൂർ, റൂറൽ പൊലീസ് ജില്ലകളിൽ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഡിറ്റാച്ചുമെന്റുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് മൂന്ന് ഡി.വൈഎസ്‌പി തസ്തികകൾ സൃഷ്ടിക്കും. ആവശ്യമായ മറ്റു ജീവനക്കാരെ പുനർവിന്യാസത്തിലൂടെ കണ്ടെത്തും.

ഭൂമി ഉപയോഗാനുമതി

കേരള വാട്ടർ അഥോറിറ്റി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതികൾക്ക് അനുവദനീയമായ പരിധിയിൽ നിന്നുകൊണ്ടും സർക്കാർ പുറമ്പോക്ക് ഭൂമിയുടെ ഉമടസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ടും ആവശ്യമായ ഭൂമിയുടെ ഉപയോഗാനുമതി വാട്ടർ അഥോറിറ്റിക്ക് നൽകുവാൻ നിലവിലെ നിയമത്തിൽ ഇളവ് നൽകിക്കൊണ്ട് ജില്ലാ കളക്ടർമാർക്ക് അനുവാദം നൽകി.

ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തും

കുരുക്കൾ / ഗുരുക്കൾ, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടർ, വേട്ടുവ ഗൗണ്ടർ, പടയാച്ചി ഗൗണ്ടർ, കവിലിയ ഗൗണ്ടർ എന്നീ സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

മലബാർ ക്യാൻസർ സെന്റർ

മലബാർ ക്യാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചായി പ്രഖ്യാപിക്കുവാൻ തീരുമാനിച്ചു. സെന്ററിന്റെ പേര് മലബാർ ക്യാൻസർ സെന്റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്) എന്ന് പുനർനാമകരണം ചെയ്യും.

നിയമനം

കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അനൂപ് അംബികയെ മൂന്നു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുവാൻ തീരുമാനിച്ചു.

ധനസഹായം

ഇടുക്കി ചെളമടയിലെ പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന ബസ് കത്തിയമർന്ന് മരണപ്പെട്ട ബസ് ക്ലീനർ രാജന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും മൂന്നു ലക്ഷം രൂപ അനുവദിക്കും.

ശമ്പള പരിഷ്‌ക്കരണം

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ എട്ട് സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാൻ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here