ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന മനുഷ്യന്റെ അന്വേഷണം അനന്തമായി നീളുകയാണ്

0

ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന മനുഷ്യന്റെ അന്വേഷണം അനന്തമായി നീളുകയാണ്. അന്യഗ്രഹ ജീവികളെ സംബന്ധിച്ചും പറക്കും തളികകളെ സംബന്ധിച്ചും നിറമുള്ള നിരവധി കഥകൾ പ്രചരിക്കാറുണ്ട്. അടുത്തിടയായി ചൊവ്വയിലെ മലകളുടെ ഘടനയിൽ‌ ചില ശില്പങ്ങളും വാതിലുകളും കണ്ടെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഫണം വിരിച്ചു നിൽക്കുന്ന പാമ്പിന്റെ ദൃശ്യവും മനുഷ്യന്റെ അസ്ഥിയും ഉൾപ്പെടെ ചൊവ്വയുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് അടുത്തിടെ പ്രചരിച്ചത്. ഇപ്പോഴിതാ, ചൊവ്വയിൽ‌ തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന ആനയുടെ ശില്പമുണ്ടെന്ന വാദവുമായി സ്വയം പ്രഖ്യാപിത യുഎഫ്ഒ വിദഗ്ധനായ സ്കോട് സി വാറിങ് രംഗത്തെത്തിയിരിക്കുകയാണ്. നാസ അടുത്തിടെ പുറത്തുവിട്ട ചിത്രത്തിലാണത്രെ ആനയുടെ ശില്പം കാണാനാകുക.

തായ്വാനി‍ൽ നിന്നുള്ള യുഎഫ്ഒ കുതുകിയും അന്യഗ്രഹജീവനുണ്ടോയെന്ന് സ്വന്തം നിലയിൽ നിരീക്ഷിക്കുന്നയാളുമാണ് സ്കോട് സി വാറിങ്. ചൊവ്വാഗ്രഹത്തെക്കുറിച്ച് നാസ ദിവസങ്ങൾക്കു മുൻപ് പുറത്തുവിട്ട ചിത്രങ്ങൾ വിലയിരുത്തിയാണ് സ്കോട് സി.വാറിങ് തന്റെ വാദങ്ങളുമായി വന്നത്. യുഎഫ്ഒ സൈറ്റിങ്സ് ഡെയിലി എന്ന വെബ്സൈറ്റിലാണ് സ്കോട് തന്റെ വാദങ്ങൾ പങ്കുവച്ചത്. വളരെ വ്യത്യസ്തമാണ് ചെറിയ തുമ്പിക്കൈയുമായി നിൽക്കുന്ന ആനയുടെ ചിത്രമെന്നും ഇത് ഇരുന്നിട്ട് ഇടതുഭാഗത്തേക്കു നോക്കുന്ന നിലയിലാണെന്നും അദ്ദേഹം പറയുന്നു.
നേരത്തെ അന്യഗ്രഹജീവികളെക്കുറിച്ച് ഒരു പുസ്തകം സ്കോട് എഴുതിയിട്ടുണ്ട്. കൂടാതെ ചൊവ്വയുടെ പശ്ചാത്തലത്തിൽ ഒരു ഇരുണ്ടരൂപമുള്ള വനിത, ധ്രുവക്കരടി, ഒരു കുരങ്ങൻ എന്നിവയെയും കണ്ടെന്നൊക്കെ സ്കോട് നേരത്തെ പറഞ്ഞിട്ടുണ്ട്.

ചൊവ്വയിലേക്ക് നിരവധി ദൗത്യങ്ങൾ പോയിട്ടുള്ളതായി അറിയാമല്ലോ. ക്യൂരിയോസിറ്റിയും പെഴ്സിവീയറൻസുമുൾപ്പെടെ നാല് റോവറുകളും നാസ അങ്ങോട്ടേക്ക് അയച്ചിട്ടുണ്ട്. ചൊവ്വയിൽ പാറക്കഷ്ണങ്ങളും മലനിരകളും ഗർത്തങ്ങളുമൊക്കെയുണ്ട്. ഇത്തരം പ്രകൃതി, ചിലപ്പോൾ ഭൂമിയിൽ നമുക്കു പരിചതമായ രൂപങ്ങളെ അനുസ്മരിപ്പിക്കാറുണ്ട്.ഇതിൽ ചിലതെല്ലാം അന്യഗ്രഹജീവനിൽ വിശ്വസിക്കുന്നവർ ജീവനു തെളിവായി ഉയർത്തിക്കാട്ടുമെങ്കിലും ശാസ്ത്രജ്ഞർ ഇവയെ തള്ളുന്നു.

മേയിൽ ക്യൂരിയോസിറ്റി റോവർ അയച്ച ഒരു ചിത്രത്തിൽ പാറക്കെട്ടിൽ വെട്ടിയുണ്ടാക്കിയ ഒരു കവാടം പോലെ ഘടന കണ്ടിരുന്നു. ഇതെത്തുടർന്ന് ഇതു ചൊവ്വയിലെ ഏതോ അന്യഗ്രഹജീവി വാസ കേന്ദ്രത്തിലേക്കോ താവളത്തിലേക്കോ ഉള്ള കവാടമാണെന്ന നിലയിൽ പ്രചാരണങ്ങൾ തുടങ്ങി. എന്നാൽ ചൊവ്വയുടെ അന്തരീക്ഷവുമായുള്ള പ്രവർത്തനം നിമിത്തം പാറയിലുണ്ടായ ഗർത്തമാണിതെന്നു പിന്നീട് തെളിഞ്ഞു.

2014ൽ ക്യൂരിയോസിറ്റി അയച്ച മറ്റൊരു ചിത്രത്തിൽ മനുഷ്യരുടെ അസ്ഥികൾ കണ്ടെന്നുപറഞ്ഞും കോലാഹലമുയർന്നിരുന്നു. എന്നാൽ ഇവയും ചൊവ്വയിലെ പാറകളാണെന്നു പിന്നീട് തെളിഞ്ഞു. 2016ൽ ഒരു ഉപഗ്രഹചിത്രത്തിൽ വലിയ ഒരു തവിയ അനുസ്മരിപ്പിക്കുന്ന ഘടന കണ്ടെത്തി. ഇതോടെ, ഈ തവി പണ്ടുകാലത്ത് ചൊവ്വയിൽ താമസമുറപ്പിച്ചിരുന്ന അന്യഗ്രഹജീവി സമൂഹങ്ങൾ ഉപയോഗിരുന്നതാണെന്നും അഭ്യൂഹമുയർന്നു. എന്നാൽ ഇതൊക്കെ ചൊവ്വയിലെ ഉപരിതലത്തിലുള്ള ചില ഘടനകളാണെന്നായിരുന്നു ശാസ്ത്രജ്ഞരുടെ അനുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here