അട്ടപ്പാടി മധു കേസില്‍ സാക്ഷികലെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമം നടക്കുന്നെന്ന് ആവര്‍ത്തിച്ച് മധുവിന്‍റെ കുടുംബം

0

അട്ടപ്പാടി: അട്ടപ്പാടി മധു കേസില്‍ സാക്ഷികലെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമം നടക്കുന്നെന്ന് ആവര്‍ത്തിച്ച് മധുവിന്‍റെ കുടുംബം. പതിമൂന്നാം സാക്ഷി സുരേഷിനെ പ്രതി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്ന് മധുവിന്‍റെ സഹോദരി സരസു ആരോപിച്ചു. 
സംഭവത്തിൽ അന്വേഷണം വേണമെന്നാണ് മധുവിന്‍റെ കുടുംബത്തിന്‍റെ ആവശ്യം. കേസിൽ നിന്ന് പിന്മാറാൻ പണം വാഗ്ദാനം ചെയ്തതായി മധുവിന്‍റെ അമ്മ മല്ലി പറയുന്നു. കേസിൽ നീതി കിട്ടുന്നത് വരെ പോരാടുമെന്നും മധുവിന്‍റെ  കുടുംബം പറയുന്നു. 
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി മധുവെന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ട് 2022 ഫെബ്രുവരിയില്‍  നാല് വര്‍ഷം തികഞ്ഞു. നീതിക്കായുള്ള കാത്തിനിരിപ്പിനിടെ അനുഭവിക്കേണ്ടിവന്നത് ഭീഷണയും ഒറ്റപ്പെടുത്തലുമെന്ന് മധുവിന്‍റെ സഹോദരി സരസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. സാക്ഷികളിൽ ചിലർ കൂറുമാറിയാലും കേസ് ജയിക്കാനുള്ള തെളിവുകള്‍ വേറെയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
വിശപ്പടക്കാന്‍ ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തിന് മുക്കാലിയിലെ വ്യാപാരികളും ടാക്സി ഡ്രൈവര്‍മാരുമടങ്ങുന്ന പതിനാറംഗ സംഘം ആള്‍ക്കൂട്ട വിചാരണ നടത്തി കൊന്നുകളഞ്ഞ മധുവിന്‍റെ കുടുംബത്തിന്‍റെ പിന്നീടുള്ള ജീവിതം കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയായിരുന്നു. കേസില്‍ നിന്നു പിന്തിരിപ്പിക്കാന്‍ വീടികയറി അക്രമിക്കാന്‍ ശ്രമിച്ചു. ഇപ്പോഴും ചോദിക്കാനും പറയാനും ആരുമില്ലാത്തവരെന്ന് മധുവിന്‍റെ അമ്മ പേടിയോടെ പറയുന്നു.

2018 ഫെബുവരി 22 നാണ് ആള്‍ക്കൂട്ട വിചാരണയെയും ക്രൂര മര്‍ദനത്തെയും തുടർന്ന് മധു മരിച്ചത്. കടയില്‍ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവര്‍മാരുമായ മറ്റു പ്രതികളും ചേർന്ന് മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവരാണ് മധുവിനെ മര്‍ദ്ദിച്ചതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. 
കൊലപാതകം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്. മധുവിനെ പിടികൂടിയ അജമുടി ഭാഗത്ത് വച്ച് മര്‍ദനത്തിന് നേതൃത്വം നല്‍കിയത് ആറു പ്രതികളാണ്. അതില്‍ സിഐടിയു നേതാവും ടാക്സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീന്‍ വടികൊണ്ട് അടിച്ചതിനാല്‍ മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. പതിനാറാം പ്രതി മുനീര്‍ കാല്‍മുട്ടുകൊണ്ട് നടുവിന് ഇടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ മുക്കാലിയിലെത്തിയ ഒന്നാം പ്രതി ഹുസൈന്‍റെ ചവിട്ടേറ്റ് വീണ മധുവിന്‍റെ തല ക്ഷേത്ര ഭണ്ഡാരച്ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രം പറയുന്നു. മധുവിന്‍റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here