വിദേശ സന്ദർശനങ്ങൾക്കിടെ വ്ലാഡിമിർ പുടിൻ മലമൂത്ര വിസ്സർജ്ജനം നടത്തുന്നത് പോലും സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോയിരുന്നെന്ന് റിപ്പോർട്ട്

0

മോസ്കോ: വിദേശ സന്ദർശനങ്ങൾക്കിടെ വ്ലാഡിമിർ പുടിൻ മലമൂത്ര വിസ്സർജ്ജനം നടത്തുന്നത് പോലും സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോയിരുന്നെന്ന് റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ പാരിസ് മാച്ചാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചു യാതൊരു വിവരവും വിദേശ ഇന്റലിജൻസ് ഏജൻസികൾക്ക് കിട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫെഡറൽ ഗാർഡ് സർവീസിലെ ഉദ്യോഗസ്ഥനാണ് പുടിന്റെ മലവും മൂത്രവും ശേഖരിക്കാനുള്ള ചുമതലയെന്നും റിപ്പോർട്ടിലുണ്ട്.

വിദേശ ഏജൻസികൾ തന്റെ ആരോഗ്യ വിവരങ്ങൾ സ്വന്തമാക്കുമെന്ന് പുട്ടിൻ ഭയപ്പെട്ടിരുന്നതായി ഡോക്ട്രൈൻ ആൻഡ് സ്ട്രാറ്റജി കൺസൽട്ടിങ് പ്രസിഡന്റ് റബേക്ക കോഫ്ലറും യുഎസ് ഇന്റലിജൻസ് ഏജൻസിയായ ഡിഐഎയുടെ മുൻ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയുടെ ഫെഡറൽ ഗാർഡ് സർവീസിന്റെ ഒരു ഉദ്യോഗസ്ഥൻ പുട്ടിന്റെ മലവും മൂത്രവും ശേഖരിക്കുന്നതിനു മാത്രം കൂടെയുണ്ടാകുമെന്നാണ് ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇയാൾ എപ്പോഴും ഒരു സ്യൂട്ട് കെയ്സും കരുതും.

പുട്ടിന്റെ മലവും മൂത്രവും പ്രത്യേക ബാഗുകളിലാക്കി മോസ്കോയിലേക്കു തന്നെ കൊണ്ടുപോകുകയാണു ചെയ്യുന്നത്. 2017 മേയ് 29നു പുട്ടിൻ ഫ്രാൻസ് സന്ദർശിച്ചപ്പോഴും 2019 ഒക്ടോബറിൽ സൗദിയിലെത്തിയപ്പോഴും ഈ രീതി പിന്തുടർന്നതായി റഷ്യൻ ഭരണത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന മിഖായേൽ റൂബിൻ പ്രതികരിച്ചു. പുട്ടിൻ റഷ്യ ഭരിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ ഇങ്ങനെ ചെയ്യുന്നുണ്ടെന്നാണു വിദഗ്ധർ പറയുന്നത്.

റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിനു പിന്നാലെ പുട്ടിന്റെ ആരോഗ്യ നില വഷളായതായി വാർത്തകൾ പരന്നിരുന്നു. പുട്ടിനുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥൻ ‘അദ്ദേഹം രക്താർബുദത്തെ തുടർന്ന് കഷ്ടപ്പെടുകയാണെന്ന്’ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് അഭ്യൂഹങ്ങളെല്ലാം തള്ളുകയാണെന്നാണ് റഷ്യയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here