വിമത നീക്കങ്ങൾക്ക് പിന്നാലെ ഏകനാഥ് ഷിൻഡെ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്

0

മുംബൈ: വിമത നീക്കങ്ങൾക്ക് പിന്നാലെ ഏകനാഥ് ഷിൻഡെ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ശിവസേന ബാലാസാഹെബ് താക്കറെ എന്നായിരിക്കും പാർട്ടിയുടെ പേരെന്നാണ് റിപ്പോർട്ട്. അതേസമയം ഇന്നു ചേരുന്ന ശിവസേന നേതൃയോഗം ഷിൻഡെയെ പുറത്താക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ശിവസേന നാഷനൽ എക്‌സിക്യൂട്ടിവ് യോഗം മുംബൈയിൽ നടക്കുകയാണ്. ഏകനാഥ് ഷിൻഡെയെ പുറത്താക്കാൻ യോഗം തീരുമാനമെടുക്കും. ഇതിനു പിന്നാലെ തന്നെ വിമതർ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭൂരിപക്ഷം എംഎൽഎമാരും ഒപ്പമുള്ളതിനാൽ കൂറുമാറ്റ നിരോധന നിയമം പിളർപ്പിനെ ബാധിക്കില്ല. രാഷ്ട്രീയ സാഹചര്യത്തെ തുടർന്ന് ഷിൻഡെയുടെ താനെയിലെ വസതിയിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വിമത എംഎൽഎമാരുടെ കുടുംബാംഗങ്ങളുടെ ജീവൻ ഭീഷണിയിലാണെന്ന് ഏക്നാഥ് ഷിൻഡെ നേരത്തെ പറഞ്ഞിരുന്നു. വിമത നീക്കത്തെ തുടർന്നുള്ള പ്രതികാര നടപടിയായി കുടുംബാംഗങ്ങൾക്കുള്ള സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചെന്നായിരുന്നു ഷിൻഡെയുടെ ആരോപണം. എന്നാൽ അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്നും ആരോപണം വ്യാജമെന്നും ആഭ്യന്തര മന്ത്രി ദിലീപ് വൽസേ പാട്ടീൽ പറഞ്ഞു.

ഷിൻഡെയ്‌ക്കൊപ്പം മുൻ മന്ത്രി രാംദാസ് കദത്തിന് എതിരെയും നടപടിയുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. കദത്തിന്റെ മകനും എംഎൽഎയുമായ യോഗേഷ് കദം കഴിഞ്ഞ ദിവസം വിമതർക്കൊപ്പം ചേർന്നിരുന്നു.
മുൻകരുതൽ നടപടിയെന്ന നിലയ്ക്കാണ് മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. താനെയിലെ, ഏകനാഥ് ഷിൻഡെയുടെ വീടിനു കൂടുതൽ സുരക്ഷ ഏർപ്പെടുത്തി. ഏതാനും സ്ഥലങ്ങളിൽ വിമത എംഎൽഎമാരുടെ ഓഫിസുകൾക്കു നേരെ അക്രമം നടന്നു. വിമതരെ നാട്ടിൽ കാലുകുത്താൻ സമ്മതിക്കില്ലെന്ന് ചില സേനാ നേതാക്കൾ പ്രഖ്യാപിച്ചിരുന്നു.

Leave a Reply