സര്‍ക്കാരിന്‌ 800 കോടി നഷ്‌ടമുണ്ടാക്കിയ വൈദ്യുതി കരാറുകള്‍ നിലനിര്‍ത്താന്‍ ഉന്നതതല ഗൂഢാലോചന

0

തിരുവനന്തപുരം : സര്‍ക്കാരിന്‌ 800 കോടി നഷ്‌ടമുണ്ടാക്കിയ വൈദ്യുതി കരാറുകള്‍ നിലനിര്‍ത്താന്‍ ഉന്നതതല ഗൂഢാലോചന. വിവാദ കരാറുകള്‍ റദ്ദാക്കുന്നതിനെതിരേ ഉന്നത ഐ.എ.എസ്‌. ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലാണ്‌ ചരടുവലികള്‍. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കാനൊരുങ്ങി വൈദ്യുതി മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി.
എം. ശിവശങ്കര്‍ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാനായിരുന്നപ്പോള്‍ ഒപ്പുവച്ച വിവാദ കരാറുകള്‍ നിലനിര്‍ത്താനാണ്‌ അണിയറയില്‍ നീക്കം പുരോഗമിക്കുന്നത്‌. കരാര്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഐ.എ.എസ്‌. ഉന്നതന്‍ ധന, ഊര്‍ജ വകുപ്പുകളിലെ ഉന്നതോദ്യോഗസ്‌ഥര്‍ക്ക്‌ കത്തയച്ചു. നാല്‌ കരാറുകള്‍ റദ്ദാക്കാന്‍ മന്ത്രിസഭ നോട്ട്‌ തയാറാക്കുന്നതിനിടെയാണിത്‌. ഇതോടെ കാബിനറ്റ്‌ നോട്ട്‌ ചോര്‍ന്നോ എന്ന സംശയവും ബലപ്പെട്ടു.
കരാറില്‍ അഴിമതിയുണ്ടെന്നു മുന്‍ മന്ത്രി എം.എം. മണി നിയമസഭയില്‍ വ്യക്‌തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടക്കുകയാണ്‌. ഇതിനിടെയാണ്‌ വ്യവസായ അന്തരീക്ഷത്തിന്‌ സ്വകാര്യ വൈദ്യുതിയും കൂടിയേ തീരൂവെന്ന വാദമുയര്‍ത്തി സ്വകാര്യ ലോബിക്കായി ചരടുവലികള്‍ നടക്കുന്നത്‌. വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ മറികടന്ന്‌ കരാറുകള്‍ക്ക്‌ സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്ന വാദമാണ്‌ ഐ.എ.എസ്‌. ഉന്നതന്‍ ഉന്നയിക്കുന്നത്‌. ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്താന്‍ വൈദ്യുതി മന്ത്രിയുടെ ഓഫീസില്‍ എത്തിയെങ്കിലും അനുകൂല മറുപടി കിട്ടാതെ മടങ്ങി. ഇതിനിടെ, കരാറുകള്‍ നടത്തിക്കിട്ടാന്‍ പ്രലോഭനങ്ങളുമായി ചിലര്‍ ബോര്‍ഡ്‌ ഉദ്യോഗസ്‌ഥരെയും കമ്മിഷന്‍ അംഗങ്ങളെയും കണ്ടു.
ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ മൂന്നു സ്വകാര്യ കമ്പനികളില്‍നിന്ന്‌ കോടിക്കണക്കിന്‌ രൂപയുടെ വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചതോടെ കെ.എസ്‌.ഇ.ബി. വന്‍ ബാധ്യതയിലേക്കാണ്‌ നീങ്ങിയത്‌. ഇത്തരത്തില്‍ പോയാല്‍ അടുത്ത 25 വര്‍ഷംകൊണ്ട്‌ 15,000 കോടി രൂപ നല്‍കേണ്ടിവരുമെന്ന ഞെട്ടിക്കുന്ന കണക്കാണ്‌ വിവാദ കരാറുകള്‍ റദ്ദാക്കാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here