വളയൻചിറങ്ങരയിൽ നിന്നും ഏഷ്യൻ ഗെയിംസിലേക്ക്; ഇന്ത്യയ്ക്ക് വേണ്ടി തുഴയെറിയാൻ കൃഷ്ണപ്രിയ

0

മിഥുൻ പുല്ലുവഴി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി തുഴയെറിയാൻ കൃഷ്ണപ്രിയയും. ചൈനയിൽ നടക്കുന്ന 19-ാം ഏഷ്യൻ ഗെയിംസിൽ ഡ്രാഗൺ ബോട്ട് ഇനത്തിലാണ് കൃഷ്ണപ്രിയ മൽസരിക്കുന്നത്. വളയൻചിറങ്ങര ഐരാപുരം സ്വദേശിനിയാണ് കൃഷ്ണപ്രിയ ഷാജി. 

ചെറുപ്പം മുതൽ ലോകമറിയുന്ന കായിക താരമാവണമെന്നായിരുന്നു ആഗ്രഹം. വോളിബോളിനോടായിരുന്നു ഇഷ്ടം കൂടുതൽ. നന്നായി കളിച്ചിട്ടും ടീമിൽ ഇടം നേടാനായില്ല. ഉയരക്കുറവാണെന്നായിരുന്നു സെലക്ടർമാർ നൽകിയ മറുപടി. 172 സെൻ്റീമീറ്റർ ഉയരമുണ്ടായിട്ടും സെലക്ടർമാർ ഒഴിവാക്കിയതിൻ്റെ കാരണം  കൃഷ്ണപ്രിയക്ക് ഇപ്പോഴും അറിയില്ല.

സ്കൂൾ തലത്തിലുള്ള മൽസരങ്ങളിൽ കഴിവ് തെളിയിച്ചെങ്കിലും വേണ്ടത്ര പ്രോൽസാഹനങ്ങൾ ലഭിച്ചില്ല. സ്പോർട്സ് സ്കൂളിൽ ചേരണമെന്ന് വിചാരിച്ചു, അതും നടന്നില്ല. ഒടുവിൽ അപ്രതീക്ഷിതമായാണ് ഇന്ത്യൻ ടീമിൽ എത്തിയത്. ചെറുപ്പം മുതൽ മനസിൽ കൊണ്ടു നടന്ന വലിയൊരു സ്വപ്നം യാഥാർത്യമാകാൻ പോകുന്നതിൻ്റെ സന്തോഷത്തിലാണ് കൃഷ്ണപ്രിയ.

ഡ്രാഗൺ ബോട്ട് എന്ന പേര് മലയാളികൾക്ക് അത്ര സുപരിചിതമല്ല. പേര് പോലെ തന്നെ ചൈനയിലാണ് ഡ്രാഗൺ ബോട്ട് മത്സരത്തിൻ്റെ തുടക്കം. തേക്കിൽ നിർമിച്ച വള്ളത്തിൻ്റെ മുൻവശത്ത് ഡ്രാഗണിൻ്റെ തലയും പിൻവശത്ത് വാലും.

10 തുഴച്ചിൽക്കാർ, ഒരു ഡ്രമ്മർ, ഒരു റെഡാർ (അമരക്കാരൻ) എന്നിവരടങ്ങുന്നതാണ് ടീം. തുഴച്ചിൽക്കാരിൽ വലതു വശത്താണ് കൃഷ്ണപ്രിയയുടെ സ്ഥാനം. വള്ളത്തിന്റെ മുൻവശത്ത് തുഴച്ചിലുകാർക്ക് അഭിമുഖമായിരിക്കുന്ന ഡ്രമ്മറുടെ കൊട്ടിന് അനുസരിച്ച് വേഗത്തിൽ തുഴഞ്ഞെത്തുന്നതാണ് മത്സരം. 

ഇന്ത്യൻ ടീമിലേക്ക് 28 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തത്ഇതിൽ എട്ട് പേർ മലയാളികളാണ്. മഹാരാഷ്ട്രയിൽ നടക്കുന്ന ക്യാമ്പിൽ അന്തിമ ടീമിനെ പ്രഖ്യാപിക്കും. 14 പേരാണ് അന്തിമ ടീമിൽ ഇടം നേടുക.മത്സരത്തിന് മുന്നോടിയായുള്ള കടുത്ത പരിശീലനത്തിലാണ് കൃഷ്ണപ്രിയ. രാവിലെ വളയൻചിറങ്ങര ഫിറ്റ്നസ് ടെർമിനൽ ജിമ്മിൽ രണ്ടു മണിക്കൂർ വ്യായാമത്തോടെയാണ് ദിവസം തുടങ്ങുന്നത്. കൃഷ്ണപ്രിയയുടെ മനസിൽ ഇപ്പോൾ ഏഷ്യൻ ഗെയിംസ് മാത്രമാണ്. 

വളയൻചിറങ്ങരയിൽ നിന്നും ഏഷ്യൻ ഗെയിംസിലേക്ക്; ഇന്ത്യയ്ക്ക് വേണ്ടി തുഴയെറിയാൻ കൃഷ്ണപ്രിയ 1

ഒമ്പതാമത് നാഷണൽ ഡ്രാഗൺ ബോട്ട് മൽസരത്തിൽ മികച്ച പ്രകനം കാഴ്ചവെക്കാൻ കൃഷ്ണപ്രിയക്ക് സാധിച്ചു. ഹിമാചൽ പ്രദേശിലായിരിന്നു മൽസരം. അന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് മൽസരത്തിൽ പങ്കെടുത്തത്.

മൽസരത്തിനു ശേഷം ജോലി നോക്കാനാണ് തീരുമാനം. ബി.എ ഇക്കണോമിക്സ് ബിരുദദാരിയായ കൃഷ്ണപ്രിയക്ക് ഉപരിപഠനത്തിന് പോകാൻ ആഗ്രഹമുണ്ടെങ്കിലും കുടുംബത്തിനൊ സാമ്പത്തീക ബാധ്യതകൾ അതിന് അനുവദിക്കുന്നില്ല. ഐരാപുരം പോക്കളത്ത് വീട്ടിൽ ഷാജിയുടേയും ശുഭ ലക്ഷ്മിയുടേയും മകളാണ് കൃഷ്ണപ്രിയ. 

പൈനാപ്പിൾ കൃഷിയിൽ നഷ്ടം വന്ന് ഒരേക്കർ ഭൂമിയും വീടും നഷ്ടപ്പെട്ടതോടെയാണ് ആനിക്കാട് നിന്നും ഷാജി വളയൻചിറങ്ങരയിൽ എത്തിയത്.

ഷാജിയും കുടുംബവും പതിനാറ് വർഷം വാടക വീട്ടിലാണ് കഴിഞ്ഞത്. ഇന്നും ആ ബാധ്യതകൾ അവസാനിച്ചിട്ടില്ല. ഇപ്പോൾ ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചു. വീട് പണിയാൻ അനുവദിച്ചതിലും കൂടുതൽ തുക ചെലവായതോടെ വീണ്ടും വായ്പ എടുക്കേണ്ടി വന്നു. കർഷകനായ ഷാജിക്കും തയ്യൽക്കാരിയായ ശുഭലക്ഷ്മിക്കും പഴയ കടത്തിനൊപ്പം വായ്പ തിരിച്ചടവും വലിയ ബാധ്യതയായി. അതോടെയാണ് ഉപരിപഠനമെന്ന സ്വപ്നം ഉപേക്ഷിച്ച് മാതാപിതാക്കളെ സഹായിക്കാൻ ജോലിക്കു പോകാമെന്ന തീരുമാനത്തിൽ എത്തിയത്. ഏക സഹോദരി വിഷ്ണുപ്രിയയുടെ വിവാഹം കഴിഞ്ഞു. 

നാടും നാട്ടുകാരും ബന്ധുക്കളുമെല്ലാം ഇന്ന് അഭിമാനത്തോടെയാണ് കൃഷ്ണപ്രിയയുടെ പേര് പറയുന്നത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടാനാകുമെന്ന പ്രതീക്ഷയിലാണ് കൃഷ്ണപ്രിയ.

Leave a Reply