ചെന്നൈസ്‌റ്റേഷനില്‍ ട്രെയിന്‍ വളഞ്ഞ് കേരളപോലീസിന്റെ ‘ സിനിമ സ്‌റ്റൈല്‍ ഓപ്പറേഷന്‍’ ; ഒടുവില്‍ ബംഗാളി മോഷ്ടാക്കള്‍ കുടുങ്ങി

0

തൃശ്ശൂര്‍: പൂങ്കുന്നത്തെ 38.5 പവന്‍ മോഷണം പോയ കേസിലെ പ്രതികളെയാണ് ചെന്നൈ എം.ജി.ആര്‍. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കേരള പോലീസ് പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ ബൊറാംഷക്പുര്‍ സ്വദേശി ഷെയ്ക്ക് മക് ബുള്‍, തെലങ്കാന സ്വദേശി മുഹമ്മദ് കൗഷാര്‍ ഷെയ്ക്ക് എന്നിവരാണ് പിടിയിലായത്.

പൂങ്കുന്നത്തുള്ള പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ചാണ് 38.5 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ മോഷ്ടിച്ചത്. ജൂണ്‍ 16-നായിരുന്നു സംഭവം. വീടിന്റെ അഞ്ചടി വലുപ്പമുള്ള ജനല്‍ ഇളക്കിമാറ്റി അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. മോഷ്ടാക്കളെ പിടികൂടാന്‍ കമ്മിഷണര്‍ ആര്‍. ആദിത്യ, അസി. കമ്മിഷണര്‍ വി.കെ. രാജു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചു. 88 സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചു.

ക്യാമറകളില്‍നിന്ന് പ്രതികളുടെ അവ്യക്തമായ ചിത്രം ലഭിച്ചു. തുടര്‍ന്ന് തൃശ്ശൂരിലെ ലോഡ്ജില്‍ ഇവര്‍ താമസിച്ചിരുന്നതായും കണ്ടെത്തി. പ്രതികള്‍ പശ്ചിമബംഗാള്‍ സ്വദേശികളാണെന്നും പോലീസ് മനസ്സിലാക്കി. തുടര്‍ന്ന് 25-ന് വെസ്റ്റ് പോലീസ് സംഘം ബംഗാളിലേക്ക് യാത്രതിരിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇതുപയോഗിച്ച് സംഘടിപ്പിക്കുന്ന സിം കാര്‍ഡുകളുമാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്.

തുടര്‍ന്ന് അന്വേഷണസംഘം ബംഗ്ലാദേശിന്റെ അതിര്‍ത്തിഗ്രാമങ്ങളിലൂടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. പിന്നീട് പോലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചു. തീവണ്ടിയില്‍ സഞ്ചരിച്ചുവരുന്ന രണ്ടു പ്രതികളെയും റെയില്‍വേ പോലീസിന്റെ സഹായത്താല്‍ എം.ജി.ആര്‍. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടുകയായിരുന്നു.

വെസ്റ്റ് പോലീസ് എസ്.എച്ച്.ഒ. കെ.സി. ബൈജു, സി.പി.ഒ.മാരായ കെ.എസ്. അഖില്‍വിഷ്ണു, അഭീഷ് ആന്റണി, സി.എ. വിബിന്‍, പി.സി. അനില്‍കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here