ആര്‍ക്കെതിരെയാണ് പ്രതിഷേധ മാര്‍ച്ച്?, സിപിഎമ്മിന്റെ കിളി പറന്നുപോയെന്ന് സംശയം: പരിഹസിച്ച് വി ഡി സതീശന്‍

0

 
കൊച്ചി: വയനാട്ടില്‍ ആര്‍ക്കെതിരെയാണ് സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മിന്റെ കിളി പറന്നുപോയെന്ന് സംശയമുണ്ടെന്നും  വി ഡി സതീശന്‍ പരിഹസിച്ചു. സിപിഎം ഭീതിയും വെപ്രാളവും പരിഭ്രമവും കാട്ടുന്നു. സിപിഎമ്മിന് എന്തോ സംഭവിച്ചിട്ടുണ്ട്. വയനാട്ടില്‍ ആര്‍ക്കെതിരെയാണ് പ്രതിഷേധ മാര്‍ച്ച്? ആകാശത്തേക്ക് നോക്കിയാണോ മാര്‍ച്ചെന്നും സതീശന്‍ മാധ്യമങ്ങളോട് ചോദിച്ചു.

‘സിപിഎം ആരോടാണ് പ്രതിഷേധിക്കുന്നത്? ഇതിപ്പോള്‍ കന്റോണ്‍മെന്റ് ഹൗസിലേക്കു മാര്‍ച്ച് നടത്തിയതു പോലെയായി. കാരണം ഞാന്‍ അല്ലല്ലോ കറന്‍സി വിദേശത്തേക്കു കൊണ്ടുപോയത്. എനിക്കെതിരെ ആരോപണം ഉണ്ടോ? എന്റെ വീട്ടിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുവന്നെന്ന് ആരോപണം ഉണ്ടോ? പക്ഷേ സിപിഎം എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. അതുപോലെ വയനാട്ടില്‍ പ്രതിഷേധം നടത്തുന്നു. ആര്‍ക്കെതിരെ? അന്തരീക്ഷത്തില്‍ നോക്കിയോ? ഇവര്‍ക്കിത് എന്തുപറ്റി? മൊത്തത്തില്‍ കിളിപറന്നുപോയ പോലെയുണ്ട്.’ – സതീശന്‍ പരിഹസിച്ചു.

ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ വൈദ്യുതി ചാര്‍ജ് കൂട്ടരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ചാര്‍ജ് കൂട്ടാന്‍ കാരണം സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണ്. മുഖ്യമന്ത്രി കാര്‍ വാങ്ങുന്നതിനെ വിമര്‍ശിക്കുന്നില്ല. എങ്കിലും സര്‍ക്കാര്‍ വരുമാനമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ധൂര്‍ത്ത് ഒഴിവാക്കുകയാണ് നല്ലതെന്ന് സതീശന്‍ അഭിപ്രായപ്പെട്ടു.
എന്തുകൊണ്ടാണ് ഇത്ര കടുത്ത പ്രതിസന്ധിയിലേക്കു സംസ്ഥാനം പോകുന്നത്? ഒന്നാമത്തെ കാര്യം വരുമാനമില്ല. നികുതിപിരിവില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. 1,000 കോടിയിലധികം രൂപയുടെ നികുതി പിരിച്ചെടുക്കാനാകുന്നില്ല. രണ്ടാമത്തെ കാര്യം ധൂര്‍ത്താണ്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കെല്ലാം പണം ചെലവാക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply