മഹാരാഷ്ട്ര ശിവസേനയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമായിരിക്കെ പാർട്ടിവിട്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏക്നാഥ് ഷിൻഡെയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മഹാരാഷ്ട്ര ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ

0

മുംബൈ: മഹാരാഷ്ട്ര ശിവസേനയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമായിരിക്കെ പാർട്ടിവിട്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏക്നാഥ് ഷിൻഡെയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മഹാരാഷ്ട്ര ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ. മുംബൈയിൽ ശനിയാഴ്ച നടന്ന പൊതു യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ ബി.ജെ.പി ഭരിക്കുന്ന അസമിലാണ് വിമത എം.എൽ.എമാരുള്ളത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരും ഞങ്ങളും തെറ്റാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ശിവസേനയിൽനിന്ന് പുറത്തു പോയി ധൈര്യമായി തെരഞ്ഞെടുപ്പിനെ നേരിടണം -ആദിത്യ താക്കറെ വെല്ലുവിളിച്ചു.

ആളുകൾ തങ്ങളുടെ കൂടെയാണെന്നതിന്‍റെ തെളിവാണ് ഇവിടെ കൂടിയിട്ടുള്ള ജനങ്ങളെന്നും ഇത്തരമൊരു സാഹചര്യത്തിൽ വിമത എം.എൽ.എമാർക്ക് ഒരിക്കലും മുംബൈയിൽ പ്രചാരണം നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യവും നുണയും തമ്മിലുള്ള പോരാട്ടമാണിത്. വിമത എം.എൽ.എമാർ ചെയ്ത വഞ്ചന ഒരിക്കലും മറക്കില്ല. ഈ പോരാട്ടത്തിൽ ശിവസേന തന്നെ വിജയിക്കും- ആദിത്യ താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാരിലെ എൻ.സി.പി, കോൺഗ്രസ് സഖ്യവുമായുള്ള വിയോജിപ്പിനെ തുടർന്ന് ഏക്നാഥ് ഷിൻഡെ ഉൾപ്പടെയുള്ള ശിവസേനയിലെ 16 എം.എൽ.എമാർ അസമിലെ വിമത കാമ്പിൽ തുടരുകയാണ്. തങ്ങൾക്ക് 40ഓളം എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം. വിമത ക്യാമ്പിലെ 20 എം.എൽ.എമാർ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Leave a Reply