ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബു അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തി

0

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബു അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തി. വിഷയത്തിൽ പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവച്ച ശ്വേതാ മേനോനും പങ്കെടുക്കും. മോഹൻലാലിന്‍റെ അധ്യക്ഷതയിൽ യോഗം അൽപ്പസമയത്തിനകം തുടങ്ങും. അതേസമയം വിജയ് ബാബുവിനെ അമ്മ ജനറല്‍ ബോഡി പങ്കെടുപ്പിക്കുന്നതിനെതിരെ ഡബ്ല്യുസിസി രൂക്ഷ വിമര്‍ശനം നടത്തി. സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ലെന്ന് ദീദി ദാമോദരന്‍ പറഞ്ഞു.

എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗകേസ്, ആഭ്യന്തര പരാതി പരിഹാര കമ്മറ്റിയിലെ അംഗങ്ങളുടെ രാജി, നടൻ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി തുടങ്ങി സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടരുമ്പോഴാണ് യോഗം. കൊവിഡ് ക്വാറന്‍റീനിലായതിനാല്‍ നടി മാല പാർവതി യോഗത്തിൽ പങ്കെടുക്കുന്നില്ല. ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാല പാർവ്വതി നേരത്തെ രാജിവെച്ചിരുന്നു. നാല് മണിയ്ക്ക് അമ്മ ഭാരവാഹികൾ മാധ്യമങ്ങളെ കാണും.
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നൽകിയതിനെതിരെ ഇന്നലെ ഡബ്ല്യുസിസി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യുസിസി പറഞ്ഞു. ഡബ്ല്യുസിസിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here