മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പഠിക്കുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു

0

കാസർകോട് : മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പഠിക്കുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. സ്ഥിരമായി വീട്ടിലേക്ക് കൊണ്ടുപോകുന്ന ഓട്ടോറിക്ഷയ്ക്ക് അരികിലേക്ക് റോഡിലൂടെ നടക്കുകയായിരുന്നു വിദ്യാർത്ഥിനി. എന്നാൽ, ഒമ്നിയിൽ കാത്തുനിന്ന ഒരു സംഘം വിദ്യാർത്ഥിനിയെ ബലം പ്രയോഗിച്ച് വാനിനുള്ളിൽ കയറ്റി അങ്ങാടി പടവ് റോഡിലൂടെ പാഞ്ഞുകയറുകയായിരുന്നു.

ഭാഗ്യവശാൽ, എതിർദിശയിൽ നിന്ന് ഒരു ട്രക്ക് വരുന്നതിനാൽ വാനിന്റെ വേഗത കുറയ്‌ക്കേണ്ടി വന്നു. ജാഗരൂകയായ പെൺകുട്ടി വാനിൽ നിന്ന് ഡോർ തുറന്ന് പുറത്തേക്ക് ചാടി. വാനിൽ നിന്ന് ചാടി രക്ഷപ്പെട്ട വിദ്യാർത്ഥിനി ഹൊസങ്കടിയിലുള്ള ബന്ധുക്കൾ മുഖേന സംഭവം പിതാവിനെ അറിയിക്കുകയും മഞ്ചേശ്വരം പൊലീസിന് വിവരം കൈമാറുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

അടുത്തിടെ മംഗൽപാടി ബേക്കൂരിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ സമാനമായ ശ്രമം നടന്നിരുന്നു. അവിടെയും പെൺകുട്ടി തട്ടിക്കൊണ്ടുപോയവരിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് വിവിധ കോണുകളിൽ അന്വേഷണം നടത്തിവരികയാണ്. സ്ഥിരമായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതോടെ വലിയ ഭയപ്പാടിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

അതിർത്തി പ്രദേശമായതിനാൽ ഇത്തരം ക്രിമിനലുകൾ അഴിഞ്ഞാടുകയാണ് ഇവിടെ. കുറ്റകൃത്യം കഴിഞ്ഞ് പെട്ടന്ന് തന്നെ അതിർത്തി കടക്കാൻ കഴിയുന്നതാണ് ഇവിടെ ക്രിമിനലുകൾ തഴച്ചു വളരാൻ കാരണമായത്. എന്നാൽ സാധാരണകർക്ക് സംരക്ഷണം കൊടുക്കേണ്ട പൊലീസിന് ആധുനികമായ ഒരു വണ്ടി പോലും ഇവിടെ ഇല്ല. പൊലീസ് വാഹനത്തിന്റെ ഡാഷ്‌ബോർഡിൽ രണ്ടു വട്ടം രണ്ടു ലക്ഷം കിലോമീറ്റർ കടന്നുപോയ വണ്ടികളാണ് ഇവിടുത്തെ പട്രോളിങ്ങിനായി ഉപയോഗിക്കുന്നത്.

തിരിച്ചാൽ തിരിയാത്ത സ്റ്റിയറിംഗും അടിഭാഗം തകർന്നു പോയതുമായ വണ്ടികളിൽ ഒന്നാഞ്ഞു ചവിട്ടിയാൽ കാലു രണ്ടും താഴേക്ക് പോകും. ഇത്തരം വാഹനങ്ങളിൽ വേണം അതിർത്തി പ്രദേശത്തെ പൊലീസിന് ആധുനിക വാഹനങ്ങൾ ഉപയോഗിക്കുന്ന ക്രിമിനലുകളെ പിടികൂടാൻ . സംസ്ഥാന പൊലീസ് മേധാവിയോടും മുഖ്യമന്ത്രിയോടും പൊതുപ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടും ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തിട്ടില്ല. പേരിന് ഒരു ഗരുഡ വണ്ടി മാത്രമാണ് പൊലീസിന് ജില്ലയിലേക്ക് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here