കണ്ണ് ചിമ്മാനോ ചിരിക്കാനോ സാധിക്കുന്നില്ല, മുഖത്തിന് പക്ഷാഘാതമേറ്റു; രോഗവിവരം വെളിപ്പെടുത്തി ജസ്റ്റിൻ ബീബർ; വിഡിയോ

0

തന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തി പ്രമുഖ ഗായകൻ ജസ്റ്റിൻ ബീബർ. റാംസീ ഹണ്ട് സിന്‍ഡ്രോം ബാധിച്ചതിനെ തുടർന്ന് താരത്തിന്റെ മുഖം പക്ഷാഘാതത്തിലാണ്. ആരോഗ്യസ്ഥിതി മോശമായതിനാൽ തല്‍ക്കാലത്തേക്ക് വേള്‍ഡ് ടൂര്‍ നിര്‍ത്തിവച്ചുവെന്നും ബീബർ വ്യക്തമാക്കി. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് താരം തന്റെ അവസ്ഥ വെളിപ്പെടുത്തിയത്.

ബീബറിന്റെ മുഖത്തിന്റെ ഒരു ഭാഗം അനക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. കണ്ണു ചിമ്മാനോ മൂക്ക് അനക്കാനോ മുഖത്തെ ഒരു വശംകൊണ്ട് ചിരിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. അവസ്ഥ വളരെ മോശമാണെന്നും അതിനാൽ ആരോഗ്യത്തിന് പ്രാധാന്യം നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബീബർ പറഞ്ഞു. കൃത്യമായ വിശ്രമത്തിലൂടെ മുഖം പഴയതുപോലെയാക്കുമെന്നും താരം കൂട്ടിച്ചേർത്തു. ടൊറന്റോയിലെ സംഗീത പരിപാടിക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയാണ് ബീബറിന്റെ വെളിപ്പെടുത്തല്‍.

തന്റെ രോഗാവസ്ഥ എല്ലാവരും മനസ്സിലാക്കണമെന്നും പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും ബീബര്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ ഒട്ടേറെയാളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്‌. റെസ്റ്റ് എടുത്ത് പഴയതുപോലെ തിരിച്ചുവരാനാണ് എല്ലാവരും ആശംസിച്ചിരിക്കുന്നത്.

ചെവിയിലൂടെ ബാധിക്കുന്ന ഒരു വൈറസ് ബാധയാണ് ഇത്. ചെവിക്ക് സമീപമുള്ള മുഖത്തെ നാഡികളെ ബാധിക്കുന്നതോടെ ആ ഭാഗത്തെ പക്ഷാഘാതത്തിന് കാരണമാകും. മുഖത്തെ കണ്ണും മൂക്കും വായുമെല്ലാം അനക്കാനാവാത്ത അവസ്ഥയാവുകയും കേൾവിക്കുറവിനും കാരണമാകും. ആര്‍എച്ച്എസിന് കാരണമാകുന്ന വാരിസെല്ല-സോസ്റ്റര്‍ വൈറസ് ചിക്കന്‍പോക്സിനും ഷിംഗിള്‍സിനും കാരണമാകുമെന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here