കേരളത്തിന്റെ സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ താരങ്ങളുടെ അപൂര്‍വ സംഗമമൊരുക്കി വി.പി.എസ്‌. ഹെല്‍ത്ത്‌ കെയര്‍

0

കൊച്ചി: കേരളത്തിന്റെ സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ താരങ്ങളുടെ അപൂര്‍വ സംഗമമൊരുക്കി വി.പി.എസ്‌. ഹെല്‍ത്ത്‌ കെയര്‍. കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ മൂന്ന്‌ തലമുറയില്‍പ്പെട്ട താരങ്ങള്‍ ഒരേ വേദിയില്‍ കിരീടമുയര്‍ത്തി.
വി.പി.എസ്‌. ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടുമായ ഡോ. ഷംഷീര്‍ വയലില്‍ സന്തോഷ്‌ ട്രോഫി നേടിയ കേരളാ ടീമിനെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങാണ്‌ അപൂര്‍വ സംഗമത്തിന്‌ വേദിയായത്‌. ചടങ്ങില്‍ കേരളാ ടീമിന്‌ ഒരു കോടി രൂപയുടെ ചെക്ക്‌ കൈമാറി.
സംസ്‌ഥാനത്തിന്‌ സന്തോഷ്‌ ട്രോഫി കിരീടം നേടിക്കൊടുത്ത മുന്‍ നായകന്മാരായ കുരികേശ്‌ മാത്യു (1993), വി.ശിവകുമാര്‍ (2001), സില്‍വസ്‌റ്റര്‍ ഇഗ്‌നേഷ്യസ്‌ (2004), രാഹുല്‍ ദേവ്‌ (2018), ഇതിഹാസ താരങ്ങളായ ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി, ആസിഫ്‌ സഹീര്‍ തുടങ്ങിയവര്‍ നിലവിലെ ചാമ്പ്യന്‍ ടീമിനും അണ്ടര്‍ 18 കേരളാ ടീമിനുമൊപ്പം കിരീടം ഉയര്‍ത്തി. കേരളത്തിന്‌ രണ്ടാം സന്തോഷ്‌ ട്രോഫി കിരീടം നേടിക്കൊടുത്ത നായകന്‍ അന്തരിച്ച വി.പി. സത്യന്റെ ഭാര്യ അനിതയും ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിന്‌ (1973 ല്‍) ആദ്യ കിരീടം നേടിത്തന്ന നായകന്‍ അന്തരിച്ച മണിയുടെ കുടുംബാംഗങ്ങള്‍ എത്തിയില്ലെങ്കിലും പരിപാടിക്ക്‌ ആശംസകള്‍ അര്‍പ്പിച്ചു. സുവര്‍ണ കാലത്തിന്റെ അടയാളപ്പെടുത്തലിനൊപ്പം പുതു തലമുറയ്‌ക്കുള്ള പ്രചോദനം കൂടിയായി കൂട്ടായ്‌മ. ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ ഗോളടിച്ചവര്‍ക്ക്‌ ഒരു ലക്ഷം രൂപ വീതം കൈമാറി.
മുന്‍ കോച്ചുമാരായ ജാഫര്‍, പീതാംബരന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. മുന്‍ നായകന്‍മാര്‍ക്ക്‌ ഓരോ പവന്‍ സ്വര്‍ണ നാണയം ഡോക്‌ടര്‍ ഷംഷീര്‍ വയലില്‍ സ്‌നേഹ സമ്മാനമായി നല്‍കി. ഫൈനലിന്‌ മുമ്പ്‌ വന്ന അപ്രതീക്ഷിത പ്രഖ്യാപനത്തിന്‌ കേരളാ ടീം നായകന്‍ ജിജോ ജോസഫ്‌ ഡോ. ഷംഷീറിന്‌ നന്ദി പറഞ്ഞു. ”കിരീടത്തിനായുള്ള നാല്‌ വര്‍ഷത്തെ കേരളത്തിന്റെ കാത്തിരിപ്പിനാണു വിരാമമായത്‌. സാക്ഷാത്‌കാരത്തിനായി ഒത്തൊരുമയോടെ പ്രയത്‌നിക്കാന്‍ ടീമിനായി.
പരിശീലകര്‍ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും എല്ലാത്തിനുമുപരി ആവേശമായി കൂടെ നിന്ന ആരാധകര്‍ക്കും നന്ദി” ജിജോ പറഞ്ഞു. കോച്ച്‌ ബിനോ ജോര്‍ജും നായകനൊപ്പമുണ്ടായിരുന്നു. ഇതിഹാസ താരം ഐ.എ.ം വിജയന്‍ കേരളാ ടീമിനെ അഭിമാനത്തോടെ അഭിവാദ്യം ചെയ്‌തത്‌ ആവേശക്കാഴ്‌ചയായി. പാരിതോഷിക പ്രഖ്യാപനം ഫൈനലിന്റെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വി.പി.എസ്‌. ഹെല്‍ത്ത്‌ കെയര്‍ ഇന്ത്യ മേധാവി ഹാഫിസ്‌ അലി ഉള്ളാട്ട്‌, കോര്‍പ്പറേറ്റ്‌ കമ്മ്യൂണിക്കേഷന്‍സ്‌ ആന്‍ഡ്‌ സി.എസ്‌.ആര്‍. മേധാവി ഡോ. രാജീവ്‌ മാങ്കോട്ടില്‍ എന്നിവരാണ്‌ ഒരു കോടി രൂപ ടീമിന്‌ കൈമാറിയത്‌. വി.പി. സത്യനെ കുറിച്ചും അദ്ദേഹം കരിയറില്‍ നേരിട്ട പ്രതിസന്ധികളെയും തിരിച്ചുവരവുകളെ കുറിച്ചുമുള്ള ഓര്‍മകള്‍ ഭാര്യ അനിത പങ്കുവെച്ചു. ഷൈജു ദാമോദരനായിരുന്നു ചടങ്ങിന്റെ അവതാരകന്‍.

Leave a Reply