ബാബുവിന്റെ പരാക്രമത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഉമ്മ; കഞ്ചാവല്ല കള്ളാണ് കുടിച്ചത്; യുവാവിന്റെ മാനസിക സമ്മർദ്ദത്തിന്റെ കാരണങ്ങൾ ഇങ്ങനെ..

0


പാലക്കാട്: അലറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ബാബുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബാബുവിന്റെ ‘അമ്മ. ബാബു കഞ്ചാവിന് അടിമയാണെന്ന സോഷ്യല്‍മീഡിയ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ബാബുവിന്റെ മാതാവ് പറഞ്ഞു. സുഹൃത്തുക്കളുമായി ബാബുവിന് പ്രശ്‌നങ്ങളില്ല. പക്ഷെ കുറച്ച് ടെന്‍ഷനുണ്ട്. ഉറക്കം ശരിയല്ല, നേരാംവണ്ണം ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവന്‍ പെട്ടെന്ന് ദേഷ്യപ്പെട്ടതെന്നും മാതാവ് പ്രതികരിച്ചു.

ബാബുവിന്റെ മാതാവിന്റെ വാക്കുകള്‍: ”വീഡിയോയില്‍ പറയുന്നത് പോലെ ബാബു കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. അവന്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ല. എന്നാല്‍ കള്ളു കുടിച്ചിട്ടുണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയതാണ്. അതിനുശേഷം വീട്ടിലെത്തി സഹോദരനുമായി വഴക്കുണ്ടായി. നിസാരപ്രശ്‌നത്തിനാണത്. ഈ വഴക്ക് കഴിഞ്ഞ് ബാബു അടുത്തുള്ള കരിങ്കല്‍ ക്വാറിയിലേക്കാണ് പോയത്.”

”എങ്ങാനും ആത്മഹത്യ ചെയ്യാന്‍ പോകുകയാണോയെന്ന് ഭയന്ന് ഞാന്‍ പുറകേ ചെന്നു. അവിടെയിരുന്ന കുട്ടികളോട് ബാബുവിനെ പിടിക്കാന്‍ പറഞ്ഞു. അവര് പിടിവലിയും ഉന്തുംതള്ളും നടത്തിയപ്പോഴുണ്ടായ സംഭവമാണ് ചിലര്‍ വീഡിയോയില്‍ പകര്‍ത്തിയത്. അതല്ലാതെ കഞ്ചാവ് അടിച്ച് ബഹളമുണ്ടാക്കുന്നതല്ല. സോഷ്യല്‍മീഡിയ പറയുന്നത് പോലെ കൂട്ടുകാരുമായിട്ടുള്ള പ്രശ്‌നവുമല്ല. ബാബുവിന് കുറച്ച് ടെന്‍ഷനുണ്ട്. ഉറക്കം ശരിയല്ല, നേരാംവണ്ണം ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവന്‍ പെട്ടെന്ന് ദേഷ്യപ്പെട്ടത്.”

കഴിഞ്ഞദിവസമാണ് അലറിവിളിച്ച് തനിക്ക് മരിക്കണമെന്ന് കൂട്ടുകാരോട് പറയുന്ന ബാബുവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ബാബു കഞ്ചാവ് ലഹരിയിലാണ് ഇത്തരത്തില്‍ പെരുമാറിയതെന്ന പ്രചരണവും സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം നടത്തിയിരുന്നു. ഇതോടെയാണ് വിശദീകരണവുമായി കുടുംബം രംഗത്തെത്തിയത്.

അതേസമയം, ബാബുവിന്റെ പുതിയവീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് സുഹൃത്തുക്കൾ തന്നെയെന്ന് ബാബുവിന്റെ സഹോദരൻ ഷാജി. പണത്തിനായി സുഹൃത്തുക്കൾ ബാബുവിനെ പീഡിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ബുധനാഴ്ചയാണ് സംഭവം നടന്നതെന്നും ബാബുവിനെ അപകീർത്തിപ്പെടുത്താൻ സുഹൃത്തുക്കൾ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണെന്നും ബാബുവിന്റെ സഹോദരൻ ഷാജിയെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം ഒരാഴ്ച വിശ്രമിക്കാൻ നിർദ്ദേശം നൽകിയിരുന്നതായി ഷാജി പറഞ്ഞു. എന്നാൽ വേണ്ടത്ര വിശ്രമം ലഭിക്കാത്തതിനാൽ മാനസികമായി തകർന്നു. ട്രെക്കിംഗ് അപകടത്തിന് ശേഷം ബാബുവിനെ സുഹൃത്തുക്കൾ കളിയാക്കി- ഷാജി കൂട്ടിച്ചേർത്തു. ബാബുവിന് കുറച്ച് ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് അവർ അവകാശപ്പെടുകയും പണത്തിനായി അവനെ പീഡിപ്പിക്കുകയും ചെയ്തു. ബാബുവിനെ മോശമായി കാണിക്കാൻ ആഗ്രഹിച്ച സുഹൃത്തുക്കൾ ചെറിയൊരു സംഭവത്തെ ഊതിവീർപ്പിക്കുകയായിരുന്നുവെന്നും ഷാജി ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ബാബു അക്രമാസക്തനായി അലറി വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. അലറിവിളിക്കുകയും അസഭ്യം വിളിക്കുകയും മരിക്കണമെന്ന് കൂട്ടുകാരോട് നിലവിളിക്കുകയും ചെയ്യുന്ന ബാബുവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിഡിയോയിൽ ഉടനീളം ബാബു അസ്വസ്ഥനും നിരാശനുമായാണ് കാണപ്പെടുന്നത്. അനുനയിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയെ അയാൾ അപമാനിച്ചതായും റിപ്പോർട്ടുണ്ട്. സുഹൃത്തുക്കൾ നിലത്തു തളച്ചിടാൻ ശ്രമിക്കുന്നതും തലയിൽ വെള്ളം ഒഴിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

കഞ്ചാവ് ഉപയോ​ഗിച്ച ശേഷം വീട്ടിലെത്തിയ ബാബു അമ്മക്ക് നേരേ അതിക്രമം ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതോടെ സമീപ പ്രദേശത്തെ ചെറുപ്പക്കാർ ഇടപെടുകയായിരുന്നു. എന്നാൽ, ഇവരെയും ആക്രമിക്കാനാണ് ബാബു മുതിർന്നത്. ഒടുവിൽ പ്രദേശ വാസികളിലൊരാൾ ബാബുവിനെ കീഴ്പ്പെടുത്തുകയും വെള്ളം നൽകുകയുമായിരുന്നു. ഇതിനിടയിലും ബാബു തന്റെ ഉമ്മക്ക് നേരേ അസഭ്യവർഷം നടത്തുന്നുണ്ട്. ഇതിനിടയിൽ കണ്ടുനിന്ന സമീപവാസികളിലൊരാൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു.

മലമ്പുഴ കൂമ്പാച്ചി ചെറാട് മലയിൽ കുടുങ്ങിയ ബാബു കഞ്ചാവടിച്ച് അക്രമം കാട്ടിയിട്ടും നിയമത്തിന്റെ പിടിയിൽ പെടാതെ രക്ഷപെടുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ബാബു വലിയ തോതിൽ അക്രമം കാട്ടുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിട്ടും യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതിക്കാർ ഇല്ലാത്തതിനാലാണ് കേസെടുക്കാത്തത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സ്വന്തം അമ്മയെ ഉൾപ്പെടെ തെറിവിളിക്കുകയും തടയാനെത്തിയ നാട്ടുകാരെ ആക്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇതിന് മുൻപും നിയമത്തിന്റെ പിടിയിൽ നിന്നും ബാബു രക്ഷപെട്ടിരുന്നു. ബാബു കുടുങ്ങിയ കുമ്പാച്ചി മല വനം വകുപ്പിന്റെ സംരക്ഷിത പ്രദേശമാണ്. ഇവിടെ വനംവകുപ്പിന്റെ അനുവാദമില്ലാതെയാണ് ബാബു കയറിയത്. മലയിൽ അതിക്രമിച്ച് കയറിയതിന് ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തിരുന്നെങ്കിലും വനം മന്ത്രിയും റവന്യു മന്ത്രിയുമടക്കം ഇടപെട്ട് ബാബുവിനെ കേസിൽ നിന്നും ഒഴിവാക്കുകയായിരുന്നു. തുടർച്ചയായി രണ്ടാം തവണയാണ് ബാബു കേസിൽ നിന്നും രക്ഷപ്പെടുന്നത്.

2022 ഫെബ്രുവരി എട്ടിനാണ് ബാബു ചെങ്കുത്തായ ചെറാട് മലയിൽ കുടുങ്ങിയത്. ബാബുവും സുഹൃത്തുക്കളുമാണ് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കിൽ കുടുങ്ങുകയായിരുന്നു. ബാബു തന്നെ അറിയിച്ചത് അനുസരിച്ച് ഉടൻ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്‌സും രക്ഷപ്പെടുത്താൻ പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമായി. തുടർന്ന് സൈന്യവും എൻ ഡി ആർ എഫും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്.

പർവതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാ സംഘം ബെംഗളൂരുവിൽനിന്ന് സുലൂർ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനിൽ നിന്നുമാണ് ബാബുവിന്റെ രക്ഷാപ്രവർത്തനത്തിന് എത്തിയത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ഹേമന്ത് രാജ് ഉൾപ്പെടെ 24 പേരടങ്ങുന്ന 2 സംഘങ്ങളാണ് രക്ഷാദൗത്യത്തിനായി മല മുകളിലേക്കു കയറിയത്. ഡ്രോൺ ഉപയോഗിച്ച് ബാബു ഇരുന്നിരുന്ന സ്ഥലം നിരീക്ഷിക്കുകയും ഭക്ഷണം എത്തിക്കാനും ശ്രമിച്ചിരുന്നു.

പൊലീസ്, അഗ്‌നിരക്ഷാസേന, വനം റവന്യു വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ബാബുവിന്റെ അടുത്ത് എത്താനായില്ല. അന്ന് രാത്രി ഇരുട്ടിയതോടെ രക്ഷാപ്രവർത്തനം നിർത്തി സംഘം മലമുകളിൽ ക്യാംപ് ചെയ്യുകയായിരുന്നു. പിറ്റേന്ന് രാവിലെ ആറ് മണിയോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. രാവിലെ 10 മണിയോടെ തന്നെ ബാബുവിനെ മലയിടുക്കിൽ നിന്ന് രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചു.

പിന്നീട് ഹെലികോപ്ടർ മാർഗമാണ് ബാബുവിനെ താഴെയെത്തിച്ചത്. ഇവിടെ നിന്ന് ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. മലമ്പുഴ ചെറാട് കുമ്പാച്ചി മലയ്ക്ക് ആയിരം മീറ്റർ മീറ്റർ ഉയരമുണ്ട്. ചെങ്കുത്തായ മലനിരകളിലൂടെ നടക്കാൻ പോലും പ്രയാസമാണെന്നിരിക്കെ മല കയറുന്നതിനു നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഇതിനിടെ, ബാബുവിന്റെ ജീവിതം സിനിമയാക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഈ വാർത്തകൾ നിഷേധിച്ച് ഒമർ ലുലു തന്നെ പിന്നീട് രം​ഗത്തെത്തി. ബാബുവിന്റെ കഥ ഒമർ സിനിമയാക്കുന്നെന്നും സിനിമയിൽ പ്രണവ് മോഹൻലാൽ നായകനാകുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതികരണം.

ബാബുവിനെ രക്ഷിക്കാൻ ചെലവായത് 17,315 രൂപയാണ് ചിലവായതെന്ന് പാലക്കാട് ജില്ലാ കളക്ടർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയുടെ ചോദ്യത്തിന് പാലക്കാട് ജില്ലാ കളക്ടറാണ് ഇക്കാര്യം മറുപടിയായി അറിയിച്ചത്. രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റ് രക്ഷാപ്രവർത്തകരുടെയും ഭക്ഷണത്തിനാണ് ഈ തുക ചെലവഴിച്ചതെന്ന് കളക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here