തിരുവനന്തപുരം : കാലാവസ്‌ഥ അടിമുടി മാറിയതോടെ സംസ്‌ഥാനം ‘ഉഷ്‌ണ ബള്‍ബ്’ പ്രഭാവത്തില്‍. ഭൂമധ്യരേഖയില്‍നിന്ന് ഏറെ അകലെയല്ലാത്ത കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയാകെ ഉഷ്‌ണ ബള്‍ബ് പ്രദേശമായതായാണു കാലാവസ്‌ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
കാലാവസ്‌ഥാ മാറ്റവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന അസാധാരണമായ ചൂട് ശരീരത്തിനു താങ്ങാനാവാത്ത അവസ്‌ഥയ്‌ക്കാണു ശാസ്‌ത്രജ്‌ഞര്‍ ഉഷ്‌ണ ബള്‍ബ് പ്രഭാവമായി പറയുന്നത്. സൂര്യതാപം മൂലം അനുഭവപ്പെടുന്ന ചൂട് 35 ഡിഗ്രി സെല്‍ഷ്യസ് ആണെങ്കിലും ശരീരത്തില്‍ ഇത് 40-44 ഡിഗ്രിയായി തോന്നുമെന്നതാണു പ്രത്യേകത. ഇപ്പോള്‍ അനുഭവപ്പെടുന്ന അസാധാരണമായ ചൂടാണ് ഉഷ്‌ണ ബള്‍ബ് പ്രഭാവത്തിലേക്ക് മറ്റു സംസ്‌ഥാനങ്ങള്‍ക്കൊപ്പം കേരളത്തെയും തള്ളിവിട്ടിരിക്കുന്നത്. രാജ്യമാകെ ഇപ്പോള്‍ അസാധാരണ ചൂടാണ്. എന്നാല്‍ ശക്‌തമായ വേനല്‍മഴ പെയ്യുമ്പോഴും ചൂട് കുറയാത്തത് അസാധാരണ പ്രതിഭാസമാണ്. ഉഷ്‌ണ ബള്‍ബ് പ്രഭാവം മൂലം അന്തരീക്ഷത്തിലെ ഈര്‍പ്പവും ചൂടും കൂടിക്കലര്‍ന്ന് കടുത്ത ചൂട് അനുഭവപ്പെടുന്ന സ്‌ഥിതിയാണ് സംസ്‌ഥാനത്തിപ്പോള്‍.
ഇതിന്റെ അടിസ്‌ഥാനത്തില്‍ പതിവിനു വിരുദ്ധമായി സംസ്‌ഥാനത്ത് കാലവര്‍ഷം നേരത്തെ എത്താനുള്ള സാധ്യതയും വിലയിരുത്തപ്പെടുന്നുണ്ട്. സംസ്‌ഥാനത്ത് സമുദ്രനിരപ്പ് ഉയരുന്നത് ഗുരുതരമായ പ്രത്യാഘാതത്തിനു കാരണമായേക്കുമെന്ന മുന്നറിയിപ്പ് നോയിഡ ആസ്‌ഥാനമായുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) മുന്നോട്ടുവയ്‌ക്കുന്നു. ഇതിന്റെ ഭാഗമായി 2050 ആകുമ്പോഴേക്കും തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ കൂടുതല്‍ കരപ്രദേശങ്ങള്‍ കടലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ പഠനം. തിരുവനന്തപുരത്തെ 387 കെട്ടിടങ്ങളും കൊച്ചിയിലെ 1502 കെട്ടിടങ്ങളും വെള്ളത്തിനടിയിലാകും. തിരുവനന്തപുരത്തും കൊച്ചിക്കും പുറമേ മുംബൈ, ചെന്നൈ, വിശാഖപട്ടണം, മംഗലാപുരം നഗരങ്ങളിലും കടല്‍ കയറും.
ഇപ്പോള്‍ സംസ്‌ഥാനത്ത് പെയ്യുന്നത് വേനല്‍ മഴയാണെങ്കിലും നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. സംസ്‌ഥാനത്തിന് ഇത് ഭീഷണിയാകില്ലെങ്കിലും അറബിക്കടലില്‍ മഴമേഘം രൂപപ്പെടുന്നതിന്റെ ഭാഗമായി ശക്‌തമായ ഒറ്റപ്പെട്ട മഴ ലഭിക്കും. ന്യൂനമര്‍ദ പാത്തിയും (ട്രഫ്) കാറ്റുകളുടെ സംയോജനവും മഴയ്‌ക്ക് അനുകൂലമാണ്. ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറി അടുത്തയാഴ്‌ചയോടെ ചുഴലിക്കാറ്റാകാനുള്ള സാധ്യതയുമുണ്ട്. ന്യൂനമര്‍ദത്തിനു മുന്നോടിയായുള്ള ചക്രവാതച്ചുഴി ആന്‍ഡമാന്‍ കടലില്‍ ശക്‌തമായി. ഇത് ചുഴലിക്കാറ്റായി മാറി ആന്ധ്ര, ഒഡീഷ തീരത്തോ മ്യാന്‍മര്‍ തീരത്തോ കരതൊടും. മ്യാന്‍മര്‍ ഉള്‍പ്പെടെ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ കാലവര്‍ഷത്തിനു മുന്നോടിയായുള്ള മഴയ്‌ക്ക് ഇത് നിമിത്തമാകും. ഈ മാസം പകുതിയോടെയാണ് സാധാരണ ഗതിയില്‍ അവിടെ കാലവര്‍ഷം എത്തുന്നത്. ചുഴലിക്കാറ്റ് ഇത് നേരത്തെയാക്കും.