അമ്മ മൂർഖനെ പിടികൂടി കാട്ടിൽ‌ വിട്ടെങ്കിലും മുട്ടകളെ അനാഥമാക്കിയില്ല; 50 മൂർഖൻ കുഞ്ഞുങ്ങളെ അടവെച്ച് വിരിയിച്ച അജേഷ് ലാലുവിന്റെ കഥ
 

0


തിരുവനന്തപുരം: തള്ളപാമ്പിനെ പിടികൂടി വനത്തിൽ വിട്ടിട്ടും മാളത്തിലുണ്ടായിരുന്ന 53 മുട്ടകളിൽ 50മുട്ടകളും വിരിയിച്ച് അജേഷ്‌ ലാലു. താന കൃത്രിമ സംവിധാനത്തിലൂടെ വിരിയിച്ച 50 മൂർഖൻ കുഞ്ഞുങ്ങളെയും വനംവകുപ്പിന് കൈമാറിയിരിക്കുകയാണ് വനം വകുപ്പിന്റെ ലൈസൻസ്ഡ് റസ്ക്യുവർ ഉണ്ടൻകോട് വി.എസ് ഭവനിൽ അജേഷ്‌ ലാലു. ഇനി കാട്ടിലാകും ഇവ വളരുക. മൂന്നാഴ്ച്ച മുമ്പ് പിടികൂടി കാട്ടിൽ വിട്ട പാമ്പിന്റെ മൂന്ന് മുട്ടകൾ മാത്രമാണ് കേടായത്.

മൂന്നാഴ്ച മുൻപ് നിലമാമൂട് സ്വദേശി റിട്ട. സൈനികൻ ജയന്റെ മതിലിനടുത്ത് കുട്ടികൾ കളിക്കാറുള്ള സ്ഥലത്തിനു സമീപത്തായി മൂർഖനെ കണ്ടു. വിവരം അറിഞ്ഞ് അജേഷ്‌ലാലു എത്തി പിടികൂടി. മാളത്തിൽ നിന്ന് 53 മുട്ടകളും ശേഖരിച്ചു. പാമ്പിനെ കാട്ടിൽ വിട്ടശേഷം ലാലു മുട്ടകളെ കൃത്രിമമായി അടവയ്ക്കാനുള്ള സംവിധാനം (സൂതഗ്രഹം)സജ്ജീകരിച്ചു.

കരിയിലകൾ കൊണ്ടാണ് സംവിധാനം ഉണ്ടാക്കിയത്. മുട്ടകളെ നിരത്തിവച്ച് പുറത്ത് വീണ്ടും കരിയിലയിട്ടുമൂടി. ചൂട് 21 ഡിഗ്രിയായി നിലനിർത്താൻ ഇടയ്ക്കിടെ വെള്ളം തളിച്ചുകൊടുത്തു. 21 ദിവസം കഴിഞ്ഞപ്പോൾ 50മുട്ടകൾ വിരിഞ്ഞു. 3 മുട്ടകൾ കേടായി. മുട്ടവിരിഞ്ഞിട്ട് ഇന്ന് 3ദിവസമായി. നവജാത കുഞ്ഞുങ്ങൾ ആഹാരമൊന്നും കഴിക്കാറില്ല. 5 ദിവസമെങ്കിലും കഴിഞ്ഞേ ആഹാരം കഴിക്കാൻ തുടങ്ങുകയുള്ളൂവെന്ന് ലാലു പറയുന്നു. ഇവയെ ഇന്നലെ വനം വകുപ്പിന് കൈമാറി. ജനുവരി മുതൽ പാമ്പുകളുടെ പ്രജനന കാലമാണ്.

മാർച്ച്–ഏപ്രിൽ മാസങ്ങളിൽ മുട്ടയിടും. മേയ്– ജൂണിലാണ് കുഞ്ഞുവിരിയുന്നത്. പഞ്ചകർമ സ്നേക് പാർക്കിലെ ജീവനക്കാരനായിരുന്ന അജേഷ് ലാലു ഇപ്പോൾ വനംവകുപ്പിന്റെ താൽക്കാലിക ജീവനക്കാരനാണ്. പരിസ്ഥിതി പ്രവർത്തകനായ ലാലു ഇതിന് മുൻപും പാമ്പിന്റെ മുട്ടകൾ വിരിയിച്ച് വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. വനംവകുപ്പിന്റെ പ്രസിദ്ധീകരണമായ അരണ്യം മാസികയിൽ പാമ്പുകളെ കുറിച്ച് പരമ്പര എഴുതുന്ന ലാലു ഇപ്പോൾ കേരളത്തിലെ പാമ്പുകളെകുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്. 25വർഷമായി ലാലു പാമ്പ് പിടിത്തം തുടരുന്നു. ഫോൺ:7012875693.

Leave a Reply