ചാരുംമൂട് കോൺഗ്രസ് ഓഫീസിനു തൊട്ടടുത്ത് സി.പി.ഐ.യുടെ കൊടിമരം സ്ഥാപിച്ചതിനെച്ചൊല്ലിയുള്ള തർക്കം സംഘട്ടനത്തിലും പോലീസ് ലാത്തിച്ചാർജിലും കലാശിച്ചു

0

ചാരുംമൂട് : ചാരുംമൂട് കോൺഗ്രസ് ഓഫീസിനു തൊട്ടടുത്ത് സി.പി.ഐ.യുടെ കൊടിമരം സ്ഥാപിച്ചതിനെച്ചൊല്ലിയുള്ള തർക്കം സംഘട്ടനത്തിലും പോലീസ് ലാത്തിച്ചാർജിലും കലാശിച്ചു. പോലീസുകാരും പാർട്ടിപ്രവർത്തകരുമടക്കം 25-ഓളം പേർക്കു പരിക്കേറ്റു. കല്ലേറിനിടെ കോൺഗ്രസ് പ്രവർത്തകർ സി.പി.ഐ.യുടെ കൊടിമരം പിഴുതിട്ടു. സി.പി.ഐ.പ്രവർത്തകർ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു. മുന്നിൽ നിന്ന കൊടിമരം ഒടിച്ചിട്ടു. പതാക കത്തിച്ചു.

ഇരുഭാഗത്തുനിന്നുമുണ്ടായ ശക്തമായ കല്ലേറിനെത്തുടർന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി. അടക്കമുള്ള പോലീസുകാർക്കും ഓടിമാറേണ്ടിവന്നു. ഇതോടെ ഇരുഭാഗത്തെയും പ്രവർത്തകർ നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് 4.30-ഓടെയായിരുന്നു സംഘർഷത്തിന്റെ തുടക്കം. ചാരുംമൂട് കോൺഗ്രസ് ഓഫീസിനു തൊട്ടടുത്ത് കഴിഞ്ഞദിവസം സി.പി.ഐ.യുടെ കൊടിമരം സ്ഥാപിച്ചിരുന്നു. ഇതു കോൺഗ്രസ് പ്രവർത്തകർ പിഴുതിട്ടു. ഇത്‌ സി.പി.ഐ. പ്രവർത്തകർ വീണ്ടും സ്ഥാപിച്ചു. എന്നാൽ, ഓഫീസിനു സമീപത്തുനിന്ന്‌ കൊടിമരം മാറ്റണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ഇതുസംബസിച്ച് നേതാക്കൾ ചെങ്ങന്നൂർ ആർ.ഡി.ഒ.യ്ക്ക് പരാതിയും നൽകി.

ബുധനാഴ്ച വൈകീട്ട് കൊടിമരം നീക്കുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പ്രവർത്തകരും കൊടിമരം സംരക്ഷിക്കാൻ സി.പി.ഐ.പ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

സ്ഥലത്തുണ്ടായിരുന്ന നൂറനാട് ഇൻസ്പെക്ടർ സി.പി.ഐ.പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ കൊടിമരം പിഴുതുമാറ്റാൻ ശ്രമിച്ചതു സംഘർഷമുണ്ടാക്കി. പോലീസ് ലാത്തിവീശി പ്രവർത്തകരെ ഓടിച്ചു. തുടർന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി. ഡോ.ആർ. ജോസ് സ്ഥലത്തെത്തി ഇരുവിഭാഗവുമായി ചർച്ചനടത്തി. കൊടി നീക്കംചെയ്യണമെന്ന ആർ.ഡി.ഒ.യുടെ ഉത്തരവ് നടപ്പാക്കണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്.

രാത്രി എട്ടോടെ തഹസിൽദാർ സന്തോഷ്‌കുമാർ സ്ഥലത്തെത്തി കോൺഗ്രസ് പ്രവർത്തകരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കൊടി എടുക്കുന്നെങ്കിൽ കോൺഗ്രസ് ഓഫീസിലെയടക്കം എല്ലാ കൊടികളും എടുക്കണമെന്ന നിലപാടിലായിരുന്നു സി.പി.ഐ.

ഇരുവിഭാഗവും മുദ്രാവാക്യം വിളിക്കുന്നതിനിടെ കല്ലേറു തുടങ്ങി. കല്ലേറ് രൂക്ഷമായതോടെ മധ്യഭാഗത്തായി നിലയുറപ്പിച്ചിരുന്ന പോലീസ് ഓടിമാറി. ഇതിനിടെ പോലീസുകാർക്കും തലയ്ക്കു പരിക്കേറ്റു. ഇതോടെ കൊടിമരത്തിനു സമീപമുണ്ടായിരുന്ന രണ്ടു വനിതാ പോലീസുകാരെയടക്കം തള്ളിമാറ്റി കോൺഗ്രസ് പ്രവർത്തകർ കൊടിമരം പിഴുതിട്ടു. ഇതോടെ ഇരുഭാഗത്തുനിന്നും കല്ലേറു രൂക്ഷമായി. ഓടിയെത്തിയ സി.പി.ഐ.പ്രവർത്തകർ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു. ഇരുവിഭാഗവും തമ്മിൽ നേർക്കുനേർ വടികളുമായി റോഡിൽ ഏറ്റുമുട്ടിയതോടെ ഒട്ടേറെപ്പേർക്കു പരിക്കേറ്റു.

Leave a Reply