ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെതിരേ ഭീഷണി മുഴക്കിയ കേസില്‍ ബി.ജെ.പി. വക്‌താവ്‌ തേജീന്ദര്‍ പാല്‍ സിങ്‌ ബഗ്ഗയെ ഡല്‍ഹിയിലെത്തി അറസ്‌റ്റ്‌ ചെയ്‌തു മടങ്ങിയ പഞ്ചാബ്‌ പോലീസ്‌ സംഘത്തെ ഹരിയാന പോലീസ്‌ ഹരിയാനയിലെ കുരുക്ഷേത്രയില്‍ തടഞ്ഞു.

0

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെതിരേ ഭീഷണി മുഴക്കിയ കേസില്‍ ബി.ജെ.പി. വക്‌താവ്‌ തേജീന്ദര്‍ പാല്‍ സിങ്‌ ബഗ്ഗയെ ഡല്‍ഹിയിലെത്തി അറസ്‌റ്റ്‌ ചെയ്‌തു മടങ്ങിയ പഞ്ചാബ്‌ പോലീസ്‌ സംഘത്തെ ഹരിയാന പോലീസ്‌ ഹരിയാനയിലെ കുരുക്ഷേത്രയില്‍ തടഞ്ഞു.
മകനെ തട്ടിക്കൊണ്ടുപോയെന്നു ബഗ്ഗയുടെ പിതാവ്‌ പ്രീത്‌പാല്‍ സിങ്‌ നല്‍കിയ പരാതിയില്‍ പഞ്ചാബ്‌ പോലീസിനെതിരേ ഡല്‍ഹി പോലീസ്‌ കേസെടുത്തു. തുടര്‍ന്നായിരുന്നു ഹരിയാനയില്‍ മൂന്നു സംസ്‌ഥാനങ്ങളിലെ പോലീസ്‌ സംഘങ്ങള്‍ തമ്മിലുള്ള “കുരുക്ഷേത്രയുദ്ധം”. ഇതു പിന്നീട്‌ ബി.ജെ.പിയും ആം ആദ്‌മി പാര്‍ട്ടിയും തമ്മിലുള്ള വാക്‌പോരിലേക്കു വളര്‍ന്നു.
ബഗ്ഗയെ പഞ്ചാബ്‌ പോലീസിന്റെ പിടിയില്‍നിന്നു “മോചിപ്പിച്ച” ഹരിയാന പോലീസ്‌ അദ്ദേഹത്തെ ഡല്‍ഹി പോലീസിനു കൈമാറി. ബഗ്ഗയെ ഹരിയാനയില്‍ സൂക്ഷിക്കണമെന്ന പഞ്ചാബ്‌ പോലീസിന്റെ ഹര്‍ജിയില്‍ അടിയന്തര ഉത്തരവിനു പഞ്ചാബ്‌-ഹരിയാന ഹൈക്കോടതി വിസമ്മതിച്ചു. കേസില്‍ ഇന്നു വാദം കേള്‍ക്കും. വൈകിട്ടോടെ ഡല്‍ഹി പോലീസ്‌ ബഗ്ഗയുമായി ദേശീയ തലസ്‌ഥാനത്തു തിരിച്ചെത്തുകയും ചെയ്‌തു.
ഹരിയാന പോലീസിന്റെ നടപടി നിയമവിരുദ്ധമാണെന്നു പഞ്ചാബ്‌ പോലീസ്‌ കുറ്റപ്പെടുത്തി. അതേസമയം, ഒരാളെ ഡല്‍ഹിയിലെത്തി അറസ്‌റ്റ്‌ ചെയ്യുമ്പോള്‍ അറിയിക്കണമെന്ന നടപടിക്രമം പാലിക്കപ്പെട്ടില്ലെന്നാണു ഡല്‍ഹി പോലീസിന്റെ മറുപടി. തട്ടിക്കൊണ്ടുപോകലിന്‌ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തതായി അറിയിച്ചതിനെത്തുടര്‍ന്നാണു പഞ്ചാബ്‌ പോലീസ്‌ സംഘത്തെ തടഞ്ഞതെന്നാണു ഹരിയാന പോലീസിന്റെ വിശദീകരണം.
സാമൂഹിക മാധ്യമത്തിലൂടെ മതസ്‌പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണു ബി.ജെ.പി. യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറി കൂടിയായ ബഗ്ഗയ്‌ക്കെതിരേ പഞ്ചാബ്‌ പോലീസ്‌ കേസെടുത്തത്‌. ഇന്നലെ രാവിലെ ബഗ്ഗയെ ഡല്‍ഹി തിലക്‌നഗറിലെ വസതിയില്‍നിന്നു പിടികൂടിയത്‌. പതിനഞ്ചോളം പേരടങ്ങിയ സംഘം വീട്ടിലേക്ക്‌ ഇരച്ചുകയറി തന്നെയും മകനെയും മര്‍ദിച്ചെന്നും തലപ്പാവ്‌ പോലും ധരിക്കാന്‍ സമ്മതിക്കാതെ മകനെ വലിച്ചിഴച്ചു കൊണ്ടുപോയെന്നും ആരോപിച്ചാണു പ്രീത്‌പാല്‍ സിങ്‌ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്‌. പഞ്ചാബിലെ മൊഹാലിയിലെ കോടതിയില്‍ ഹാജരാക്കാനുള്ള മടക്കയാത്രയ്‌ക്കിടെയാണു ഹരിയാന പോലീസ്‌ നാടകീയമായി ഇടപെട്ടത്‌. അറസ്‌റ്റ്‌ വിവരം ഡല്‍ഹി പോലീസിനെ അറിയിച്ചിരുന്നെന്നും തട്ടിക്കൊണ്ടുപോകല്‍ ആരോപണം ശരിയല്ലെന്നും പഞ്ചാബ്‌ പോലീസ്‌ ഹരിയാന ഡി.ജി.പിയെ അറിയിച്ചിട്ടുണ്ട്‌.
ഹരിയാന പോലീസിന്റെ നടപടി നിയമവിരുദ്ധമാണെന്ന്‌ ആം ആദ്‌മി പാര്‍ട്ടി ആരോപിച്ചു. എന്നാല്‍, അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുകയാണെന്നും ബഗ്ഗയെ തലപ്പാവണിയാന്‍ പോലും അനുവദിച്ചില്ലെന്നും കുറ്റപ്പെടുത്തിയ ബി.ജെ.പി, വിവാദം പുതിയ തലത്തിലെത്തിച്ചു. അറസ്‌റ്റ്‌ വിവരം പുറത്തുവന്നതിനുപിന്നാലെ ഡല്‍ഹിയിലെ ആം ആദ്‌മി പാര്‍ട്ടി ഓഫീസിനുമുന്നില്‍ ബി.ജെ.പി. സമരപരമ്പര സൃഷ്‌ടിച്ചു.

Leave a Reply