എസ്‌.എന്‍.ഡി.പി. യോഗത്തിനും എസ്‌.എന്‍.ട്രസ്‌റ്റിനുമെതിരായ ഗൂഢനീക്കങ്ങള്‍ക്കു പിന്നില്‍ മാളങ്ങളിലിരുന്ന്‌ ഒളിയമ്പുകള്‍ എയ്യുന്നവരാണെന്ന്‌ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

0

ചേര്‍ത്തല: എസ്‌.എന്‍.ഡി.പി. യോഗത്തിനും എസ്‌.എന്‍.ട്രസ്‌റ്റിനുമെതിരായ ഗൂഢനീക്കങ്ങള്‍ക്കു പിന്നില്‍ മാളങ്ങളിലിരുന്ന്‌ ഒളിയമ്പുകള്‍ എയ്യുന്നവരാണെന്ന്‌ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചേര്‍ത്തല ശ്രീനാരായണ കോളജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന എസ്‌.എന്‍. ട്രസ്‌റ്റിന്റെ 67, 68-ാമത്‌ വാര്‍ഷിക പൊതുയോഗങ്ങളില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം മൂക്കുമുറിച്ച്‌ ശകുനം മുടക്കുന്ന രീതിയാണ്‌ ഇക്കൂട്ടര്‍ തുടരുന്നത്‌. ശ്രീനാരായണ പ്രസ്‌ഥാനങ്ങള്‍ക്കെതിരേ നൂറുകണക്കിന്‌ കേസുകളാണ്‌ വിവിധ കോടതികളില്‍ നല്‍കിയിട്ടുള്ളത്‌. ഇത്രയും ഉപദ്രവിച്ചിട്ടും ഒന്നും നേടാന്‍ ഇവര്‍ക്കായിട്ടില്ല. ശ്രീനാരായണ പ്രസ്‌ഥാനങ്ങളുടെ വളര്‍ച്ചയെ തളര്‍ത്താനും തകര്‍ക്കാനുമുള്ള നീക്കങ്ങളാണിതിനു പിന്നിലെന്നും സമുദായം ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ചെയര്‍മാന്‍ ഡോ. എം.എന്‍. സോമന്‍ അധ്യക്ഷത വഹിച്ചു. അസിസ്‌റ്റന്റ്‌ സെക്രട്ടറി തുഷാര്‍വെള്ളാപ്പള്ളി, ട്രഷറര്‍ ഡോ. ജി. ജയദേവന്‍, എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ സന്തോഷ്‌ അരയക്കണ്ടി, മോഹന്‍ശങ്കര്‍, എ. സോമരാജന്‍, എ.ആര്‍. ഗോപിനാഥന്‍, കെ. പത്മകുമാര്‍, ലീഗല്‍ അഡൈ്വസര്‍ അഡ്വ.എ.എന്‍. രാജന്‍ബാബു എന്നിവര്‍ പങ്കെടുത്തു.

എസ്‌.എന്‍. ട്രസ്‌റ്റിന്‌ 126.22 കോടി രൂപയുടെ ബജറ്റ്‌

ചേര്‍ത്തല: എസ്‌.എന്‍. ട്രസ്‌റ്റിന്‌ 2021-22 സാമ്പത്തിക വര്‍ഷത്തേക്ക്‌ 126,22,06000 രൂപയുടെ ബജറ്റിനു വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കി. 2020-21, 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള കണക്കുകള്‍ക്കും വാര്‍ഷിക പൊതുയോഗങ്ങള്‍ അനുമതി നല്‍കി. കോവിഡ്‌ നിയന്ത്രണങ്ങളെ തുടര്‍ന്ന്‌ മാറ്റിവച്ച 67,68 വാര്‍ഷിക പൊതുയോഗങ്ങളാണ്‌ ചേര്‍ത്തല ശ്രീനാരായണ കോളജില്‍ രണ്ടു സമയങ്ങളിലായി നടത്തിയത്‌.
68-ാമത്‌ വാര്‍ഷിക പൊതുയോഗമാണ്‌ ബജറ്റിന്‌ അംഗീകാരം നല്‍കിയത്‌. ആശുപത്രികളുടെ നവീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി 45 കോടിയും, എസ്‌.എന്‍. ട്രസ്‌റ്റിന്റെ കീഴിലെ കെട്ടിടങ്ങളുടെ സംരക്ഷണത്തിന്‌ 13.8 കോടിയും വകയിരുത്തിയിട്ടുണ്ട്‌. എയ്‌ഡഡ്‌ സ്‌ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ക്കായി 11 കോടിയും, എയ്‌ഡഡ്‌ കോളജുകളിലെ പുതിയ കെട്ടിടങ്ങള്‍ക്ക്‌ ആറുകോടിയും, സ്വാശ്രയ കോളജുകളുടെ വികസനത്തിന്‌ അഞ്ച്‌ കോടിയും, കോളജുകളുടെ നാക്‌ അംഗീകാരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു കോടിയും വകയിരുത്തിയിട്ടുണ്ട്‌. സ്‌ഥാപനങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി 1.49 കോടിയും കമ്പ്യൂട്ടറുകളും ലാബോറട്ടറി ഉപകരണങ്ങളും വാങ്ങുന്നതിനായി 1.7കോടിയും വകയിരുത്തി. ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ കമ്മിറ്റിയിലേയ്‌ക്ക്‌ ബോര്‍ഡ്‌ അംഗങ്ങളായ 15 പേരെ പൊതുയോഗം തെരഞ്ഞെടുത്തു. ചെങ്ങന്നൂര്‍ ആല കോളജില്‍ ബഹുനില കെട്ടിടം നിര്‍മിക്കുന്നതിന്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയെടുത്ത തീരുമാനത്തിന്‌ വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കി. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ടും ബജറ്റും അവതരിപ്പിച്ചു. ചെയര്‍മാന്‍ ഡോ.എം.എന്‍. സോമന്‍ അധ്യക്ഷത വഹിച്ചു.

Leave a Reply