ഓഫ് റോഡ് റൈഡിന് ജോജുവിനെതിരെ കേസ് എടുക്കണം; പരാതിയുമായി കെ എസ് യു

0

വാഗമണ്‍: ഡ്രൈവിംഗ് ഏറെ ഇഷ്ടപ്പെടുന്ന ആളാണ് നടന്‍ ജോജു ജോര്‍ജ്. കഴിഞ്ഞ ദിവസം വാഗമണ്ണിൽ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചിരുന്നു. ഇതിൽ നടൻ ജോജു ജോർജും പങ്കെടുത്തിരുന്നു. എന്നാൽ ഇത്തത്തിൽ സംഘടിപ്പിച്ചവർക്കും പങ്കെടുത്ത ജോജു ജോർജിനും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസാണ് ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് പരാതി നൽകിയത്.

വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംമ്പിധാനങ്ങളുമില്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്. കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാൻറേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജീപ്പ് റാംഗ്ലറുമായി ഒരു ഓഫ് റോഡ് ട്രാക്കിലൂടെ ഡ്രൈവ് ചെയ്ത താരത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
വാഗമണ്‍ എംഎംജെ എസ്റ്റേറ്റില്‍ സംഘടിപ്പിക്കപ്പെട്ട ഓഫ് റോഡ് മത്സരത്തിലാണ് ജോജു തന്‍റെ ജീപ്പ് റാംഗ്ലറുമായി പങ്കെടുത്തത്. ആദ്യമായാണ് ഒരു ഓഫ് റോഡിംഗ് മത്സരത്തില്‍ അദ്ദേഹം പങ്കെടുക്കുന്നത്. കുത്തനെയുള്ള കയറ്റങ്ങളും മറ്റു പ്രതിബന്ധങ്ങളുമൊക്കെയുള്ള ട്രാക്കില്‍ ആവേശത്തോടെ വാഹനമോടിക്കുന്ന ജോജുവിനെ വീഡിയോയില്‍ കാണാം. ഡ്രൈവിന് ശേഷം അദ്ദേഹം പ്രതികരിക്കുന്നതിന്‍റെയും വീഡിയോ പുറത്തെത്തിയിട്ടുണ്ട്. വന്‍ മൂഡ്, പൊളി, ചെതറിക്കല്.. എന്നൊക്കെയാണ് ചുരുങ്ങിയ വാക്കുകളില്‍ ജോജു തന്‍റെ ഡ്രൈവിം​ഗ് ആവേശം വെളിപ്പെടുത്തുന്നത്. ജീപ്പ് റാം​ഗ്ലര്‍ അണ്‍ലിമിറ്റഡിന്‍റെ പെട്രോള്‍ വേരിയന്‍റ് ആണ് ജോജുവിനുള്ളത്. 2018ല്‍ ആണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത്.

അതേസമയം ഷാനില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച അവിയല്‍ ആണ് ജോജുവിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. അതിനു മുന്‍പ് തിയറ്ററുകളിലെത്തിയ കമല്‍ കെ എമ്മിന്‍റെ പടയിലും ഒരു ശ്രദ്ധേയ കഥാപാത്രമായിരുന്നു ജോജുവിന്. അരവിന്ദന്‍ മണ്ണൂര്‍ എന്നായിരുന്നു പടയില്‍ ജോജു അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. 1996ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ട ചിത്രമാണിത്. നിരൂപകശ്രദ്ധ നേടിയിരുന്നു ഈ ചിത്രം. തുറമുഖം, പീസ്, ഒറ്റക്കൊമ്പന്‍ എന്നിവയാണ് ജോജുവിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍.

Leave a Reply