അനന്ത്നാഗ് ജില്ലയിൽ അമർനാഥ് തീർഥാടന പാതയിൽ ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ കമാൻഡർ അഷ്റഫ് മോൾവി ഉൾപ്പെടെ 3 പേരെ സുരക്ഷാസേന വെടിവച്ചുകൊന്നു

0

ശ്രീനഗർ ∙ ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ അമർനാഥ് തീർഥാടന പാതയിൽ ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ കമാൻഡർ അഷ്റഫ് മോൾവി ഉൾപ്പെടെ 3 പേരെ സുരക്ഷാസേന വെടിവച്ചുകൊന്നു. 

പഹൽഗാമിലെ ശ്രീചന്ദ് ടോപ് വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഘടനയുടെ ആദ്യകാല നേതാക്കളിലൊരാളാണ് മോൾവി എന്നു പൊലീസ് പറഞ്ഞു.

അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ ഭീകരർ നീക്കം നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി മേഖലയിൽ നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. 2 വർഷത്തെ ഇടവേളയ്ക്കുശേഷം ജൂൺ 30ന് ആരംഭിക്കുന്ന അമർനാഥ് യാത്രയിലെ ബേസ് ക്യാംപുകളിലൊന്നാണ് വിനോദസഞ്ചാരകേന്ദ്രം കൂടിയായ പഹൽഗാം.

ഭീകരർ പാക്കിസ്ഥാൻ അതിർത്തിക്കപ്പുറത്തുനിന്നു നിർമിച്ച തുരങ്കം കഴിഞ്ഞദിവസം ജമ്മുവിലെ സാംബ ജില്ലയിൽ സൈന്യം കണ്ടെത്തിയിരുന്നു.

Leave a Reply